പൊന്നാനി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഈഴുവത്തിരുത്തിയിൽ അടിപ്പാത ഇല്ലാത്തതിനെ തുടർന്ന് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള യാത്രാദുരിതത്തിന് പൊന്നാനി നഗരസഭ നടപ്പാത നിർമ്മിച്ച് താൽക്കാലിക പരിഹാരം കാണണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈഴുവത്തിരുത്തിയിലുള്ള ആയുർവേദ ഗവണ്മെൻ്റ് ആശുപത്രി, വില്ലേജ് ഓഫീസ്, കണ്ട കുറുമ്പക്കാവ് ക്ഷേത്രം ഉൾപ്പെടെയുള്ള നിരവധി പുരാതന ക്ഷേത്രങ്ങൾ, പള്ളികൾ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് റോഡ് മുറിച്ചു കടക്കുവാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം.

കോട്ടത്തറ, നെയ്തല്ലൂർ ചെറുവായ്ക്കര, കുട്ടാട്, കുമ്പളത്ത് പടി, ഐടിസി, കുറ്റിക്കാട് എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് ദേശീയപാതയുടെ ഇരു ഭാഗത്തേക്കും റോഡ് മുറിച്ചു കടക്കുവാൻ ദീർഘ ദൂരയാത്ര ചെയ്യേണ്ടി വരുന്നത്. ദേശീയപാത നിർമ്മാണ സമയത്ത് അടിപ്പാത എവിടെയൊക്കെ വേണം എന്ന് നഗരസഭ ആവശ്യപെടാതെ പോയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായിട്ടുള്ളത്.

ചെറുവായ്ക്കര, കോട്ടത്തറ പ്രദേശത്തെ വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും, പൊതുജനങ്ങൾക്കും ബസ്റ്റോപ്പിൽ എത്തുന്നതിനും വളരെ ദൂരം നടന്നു വരേണ്ട ഗതികളിലാണ്. വില്ലേജ് ഓഫീസ് റോഡിലോ, കണ്ട കുറുംബക്കാവ് ക്ഷേത്രത്തിന് സമീപമോ ദേശീയപാതയ്ക്ക് മുകളിൽ കൂടി യാത്രക്കാർക്ക് നടന്നു പോകുന്നതിന് നടപ്പാത നിർമ്മിച്ചു നൽകുവാൻ പൊന്നാനി നഗരസഭ അടിയന്തര തീരുമാനമെടുക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി ജാഫർ അധ്യക്ഷ വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, കെ വി സുജീർ, ഊരകത്ത് രവി, അബു കാളമ്മൽ, എം അമ്മുക്കുട്ടി,ഹഫ്സത്ത് നെയ്തലൂർ, വി വി യശോദ,എം ബാലകൃഷ്ണൻ, പ്രഭാകരൻ കടവനാട്,ടി പത്മനാഭൻ, ടി പ്രിൻസി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *