മലപ്പുറം : പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും ജില്ലയിൽ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിലുള്ളവർക്ക് പനി മാറിയെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ വീട്ടിലേക്ക് പോകാം. എന്നാൽ വീട്ടിലും പ്രോട്ടോക്കോൾ ബാധകമായിരിക്കും. രോഗിയുമായി സമ്പർക്കമുണ്ടായ അവസാനദിവസം മുതൽ 21 ദിവസം നിർബന്ധമായും ഐസൊലേഷനിൽ കഴിയണം. ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി.
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പനിബാധിതരെ കണ്ടെത്തുന്നതിന് 224 ഫീവർ സർവയലൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവർ വീടുവീടാന്തരം കയറി പരിശോധന തുടരുകയാണ്. വളർത്തുമൃഗങ്ങളിലെ രോഗം നിരീക്ഷിക്കാൻ മൃഗസംരക്ഷണവകുപ്പിന്റെ സർവയലൻസ് സംഘവും ഫീൽഡ് പരിശോധന നടത്തുന്നുണ്ട്.
മൃഗങ്ങളുടെ സാമ്പിളുകളും ഇവർ ശേഖരിക്കും. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സഹപാഠികൾക്ക് മാനസികപിന്തുണ നൽകുന്നതിന് കൗൺസലിങ് നൽകും. പ്രത്യേക ക്ലാസ് പി.ടി.എ.കൾ ഓൺലൈനായി വിളിച്ചുചേർത്ത് കൗൺസലിങ് നടത്താൻ വിദ്യാഭ്യാസവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. ഈ രണ്ടു പഞ്ചായത്തുകളിലും പെൻഷൻ മസ്റ്ററിങ്ങിന് കൂടുതൽ സമയം അനുവദിക്കും.
തിങ്കളാഴ്ച നടന്ന പ്ലസ് വൺ അലോട്ട്‌മെന്റ് നടപടികളെല്ലാം പൂർണമായും പ്രോട്ടോക്കോൾ പാലിച്ചാണ് നടന്നത്.
രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായും ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാദി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക എന്നിവർ ഓഫ്‌ലൈനായും യോഗത്തിൽ പങ്കെടുത്തു.