തൃശ്ശൂര്‍: മണ്ണിടിച്ചിൽ ഭീഷണിയെ തുടര്‍ന്ന് വടക്കാഞ്ചേരി അകമലയില്‍നിന്ന് മാറിത്താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം. അകമല റോഡിന്റെ താഴേയും മുകളിലുമായുള്ള നൂറോളം വീടുകളിലുള്ളവരോടാണ് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് ഏതുനിമിഷവും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്.
കഴിഞ്ഞദിവസമാണ് അകമലയില്‍ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി, മൈനിങ് ആന്‍ഡ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഗ്രൗണ്ട് വാട്ടര്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയില്‍ പരിശോധന നടത്തിയത്. മഴക്കാലം കഴിയുന്നതുവരെ പ്രദേശത്ത് ഏതുനിമിഷവും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് സംഘം കണ്ടെത്തിയത്.
മണ്ണിന് ബലക്കുറവുള്ളതിനാലും മണ്ണിനടിയിലൂടെ ഉറവയുള്ളതിനാലും അപകടസാധ്യത കൂടുതലാണെന്ന് ജിയോളജിസ്റ്റുകള്‍ അറിയിച്ചു. തുടര്‍ന്നാണ് പ്രദേശത്തുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രദേശത്ത് മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തിയതായി വടക്കാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.എന്‍. സുരേന്ദ്രന്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി പ്രദേശത്തെ ജനങ്ങള്‍ മാറിത്താമസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അകമല മേഖലയില്‍നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ജനങ്ങളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിദഗ്ധസംഘത്തിന്റെ പരിശോധനയെ തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയില്‍ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാല്‍ ജാഗ്രത വേണം. വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കളക്ടര്‍ അറിയിച്ചു.