പൊന്നാനി : ആനപ്പടി എ.എൽ.പി. സ്‌കൂളിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റിനെയും ദേശീയപാത അധികൃതരെയും രൂക്ഷമായി വിമർശിച്ച് പി. നന്ദകുമാർ എം.എൽ.എ. വെള്ളക്കെട്ടിനെത്തുടർന്ന് അപകടമുണ്ടായാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എം.എൽ.എ. മുന്നറിയിപ്പ്‌ നൽകി.

ദേശീയപാത നിർമാണത്തെ തുടർന്ന് മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന പൊന്നാനി ആനപ്പടി എ.എൽ.പി. സ്‌കൂളിന്റെ കാര്യത്തിൽ ദേശീയപാത അധികൃതരും സ്‌കൂൾ മാനേജ്‌മെന്റും നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്ന് വിളിച്ചുചേർത്ത യോഗത്തിലാണ് എം.എൽ.എ. രൂക്ഷമായി പ്രതികരിച്ചത്.

എൽ.കെ.ജി. കുട്ടികളടക്കം നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കളും മടിക്കുകയാണ്. ഒരാഴ്ചക്കകം വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ദേശീയപാത വിഭാഗം ഉറപ്പ്‌ നൽകി.

കോമ്പൗണ്ടിൽ മണ്ണിട്ടുയർത്തി സ്‌കൂളിനകത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സ്‌കൂൾ മാനേജ്‌മെന്റിന് നിർദേശം നൽകി.

വെള്ളക്കെട്ടിനെത്തുടർന്ന് രോഗസാധ്യത നിലനിൽക്കുന്നതിനാൽ പ്രശ്‌നപരിഹാരത്തിനുശേഷമേ വിദ്യാലയം പ്രവർത്തിക്കാനാവൂ എന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ നടപടി വൈകിയാൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ സ്‌കൂളിനു ചുറ്റും രൂപപ്പെട്ട വെള്ളക്കെട്ടിന് ഇതുവരെ ശമനമായിട്ടില്ല. വെള്ളം കെട്ടിനിൽക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പും നൽകിയിരുന്നു. പി. നന്ദകുമാർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ദേശീയപാത, റവന്യൂ, ആരോഗ്യവിഭാഗം, സ്‌കൂൾ മാനേജ്‌മെന്റ്, പി.ടി.എ. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *