മാറഞ്ചേരി: മഴ കുറഞ്ഞെങ്കിലും കോൾ മേഖലയിലെ ജലനിരപ്പു കുറയാത്തതുമൂലം താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾ ദുരിതത്തിൽ. പൊന്നാനി കോളിനോടു ചേർന്നു താമസിക്കുന്ന, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെയും പൊന്നാനി നഗരസഭയിലെ ബിയ്യം റഗുലേറ്ററിന്റെ സമീപപ്രദേശത്തെയും 500 കുടുംബങ്ങളാണ് ഒരാഴ്ചയായി വെള്ളക്കെട്ടിൽ കഴിയുന്നത്.
കോളിലെ അധികജലം ഒഴുക്കിവിടാൻ ബിയ്യം റഗുലേറ്ററിന്റെ 10 ഷട്ടറുകൾ ഉയർത്തിയെങ്കിലും ജലനിരപ്പ് കാര്യമായി കുറയുന്നില്ല. പൊന്നാനി താലൂക്കിൽ 2 ദിവസമായി മഴ കുറവാണെങ്കിലും സംഭരണശേഷിയുടെ 8 ഇഞ്ച് വെള്ളം മാത്രമാണു കുറഞ്ഞത്. നുറടിത്തോടും നരണിപ്പുഴയും നിറഞ്ഞൊഴുകിയതോടെ മിക്ക പാടശേഖരങ്ങളിലെ ബണ്ടുകളും വെള്ളത്തിനടിയിലായി. മാറഞ്ചേരി തുറുവാണം, പെരുമ്പടപ്പ് ചെറവല്ലൂർ, എരമംഗലം പത്തിരം ദ്വീപുകളിലേക്കുള്ള റോഡുകൾ വെള്ളക്കെട്ടിൽ തുടരുകയാണ്. കാഞ്ഞിരമുക്ക് പുഴയിലെ ശക്തമായ വേലിയേറ്റവും പുഴയിലെ തടയണകൾ പൊളിച്ചുമാറ്റാത്തതുമാണു ജലനിരപ്പ് കുറയാൻ തടസ്സമെന്നു നാട്ടുകാർ പറയുന്നു.