വെളിയങ്കോട്: വെളിയങ്കോട് പഴയ കടവിൽ യൂ ടേൺ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ദേശീയപാത അതോറിറ്റി സാധ്യതാപഠനം പൂർത്തിയാക്കി. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പഴയ കടവിലെ റോഡിന്റെ ഇരു വശത്തും താമസിക്കുന്ന ജനങ്ങൾക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിന് കിലോ മീറ്ററുകളോളം യാത്ര ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കാനാണ് സർവീസ് റോഡുകളെ ബന്ധിപ്പിച്ച് പഴയ കടവിൽ യു ടേൺ നിർമിക്കണമെന്ന് ആവശ്യം ഉന്നയിച്ച് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്.
ജനങ്ങളുടെ പ്രശ്നം ഗൗരവമായി എടുക്കാനും യാത്ര പ്രശ്നത്തിന് പരിഹാരം കാണണമെന്നും കോടതി നിർദേശത്തെ തുടർന്നാണ് അധികൃതർ സാധ്യത പഠനം നടത്തിയത്. വെളിയങ്കോട് പഞ്ചായത്തിലെ 1, 2, വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സർവീസ് റോഡ് പുതു പൊന്നാനി പാലത്തിന് താഴെ അവസാനിക്കുന്നത് മൂലം വെളിയങ്കോട്, പൊന്നാനി എന്നിവിടങ്ങളിലേക്കു എത്തിച്ചേരാൻ ഏറെ പ്രയാസകരമാണ്. പുതിയ പാലത്തിന് താഴെയോ പാലം തുടങ്ങുന്നതിനു മുൻപോ സർവീസ് റോഡുകൾ ബന്ധിപ്പിക്കുന്ന തരത്തിൽ യു ടേൺ സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ദേശീയപാത അതോറിറ്റിയെ അറിയിച്ചിരിക്കുന്നത്. 2 രീതിയിലുള്ള സാധ്യതാപഠനമാണ് അധികൃതർ നടത്തിയത്. അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.