പൊന്നാനി : ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഗേഹം ഭവനസമുച്ചയങ്ങളുടെ നിർമാണം തിങ്കളാഴ്ചയോടെ പുനരാരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഹാർബറിലെ ഫ്ളാറ്റ് സമുച്ചയ നിർമാണസ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാംഘട്ട നിർമാണം പ്രവർത്തനം പുനരാരംഭിക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഖരദ്രവ മാലിന്യ പ്ലാന്റ് നിർമാണം വേഗത്തിൽ പൂർത്തിയാക്കും. ഇതിനായി 24 ലക്ഷം രൂപയുടെ ആദ്യ ഗഡു കരാർ കമ്പനിക്ക് നൽകിയതായും രണ്ടാംഗഡു വേഗത്തിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. സന്ദർശനത്തിനു ശേഷം ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
പി. നന്ദകുമാർ എം.എൽ.എ., നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രഞ്ജിനി, ഹാർബർ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ എം.ടി. രാജീവ്, സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ
അഴിമുഖത്തെ മണൽത്തിട്ട നീക്കംചെയ്യുന്നത് ഉദ്യോഗസ്ഥരുടെ ഇഷ്ടപ്രകാരമെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ മന്ത്രിക്കുമുൻപിലെത്തി.
മണൽതിട്ടകളിൽ തട്ടി മത്സ്യബന്ധനയാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനെത്തുടർന്നാണ് മണൽത്തിട്ട നീക്കംചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയത്. പദ്ധതി നടപ്പാക്കുന്നത് യഥാസ്ഥാനത്തല്ലെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.
മത്സ്യത്തൊഴിലാളി ഭവനസമുച്ചയ നിർമാണസ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിയോട് ഇക്കാര്യം തൊഴിലാളികൾ സൂചിപ്പിച്ചെങ്കിലും പരാതി എഴുതിനൽകാനാണ് ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികൾ വിഷയം പി. നന്ദകുമാർ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി.
മത്സ്യത്തൊഴിലാളികൾ ആഗ്രഹിക്കുന്നപോലെ പണികൾ നടത്താൻ വകുപ്പിന് കഴിയില്ലെന്ന് എം.എൽ.എ. മറുപടി നൽകിയതോടെ മത്സ്യത്തൊഴിലാളികൾ ക്ഷുഭിതരായി. അതേസമയം, 24 കോടി രൂപയുടെ പദ്ധതി ടെൻഡർ ആയതായും ഒരു മാസത്തിനകം പ്രാഥമിക പണികൾ ആരംഭിക്കുമെന്നും എം.എൽ.എ. പറഞ്ഞു.