പൊന്നാനി : ദേശീയപാത നിർമാണം പുരോഗമിക്കുന്ന പുതുപൊന്നാനിയിൽ അടിപ്പാത നിർമാണം പ്രായോഗികമല്ലെന്ന് ദേശീയപാത വിഭാഗം അറിയിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. ഈ സാഹചര്യത്തിൽ മേൽപ്പാലം നിർമിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തൊട്ടടുത്ത് പുഴയ്ക്കുകുറുകെ പാലമുള്ളതിനാൽ അടിപ്പാത പ്രായോഗികമല്ലെന്നാണ് ദേശീയപാത വിഭാഗത്തിന്റെ നിലപാട്. അതേസമയം കൂടുതൽ സ്ഥലം വിട്ടുനൽകി തദ്ദേശസ്ഥാപനം തുക ചെലവഴിക്കാൻ തയ്യാറായാൽ നടപ്പാലമോ വാഹനങ്ങൾക്കുകൂടി കടന്നുപോകാൻ കഴിയുന്ന മേൽപ്പാലമോ സ്ഥാപിക്കാൻ കഴിയുമെന്നാണ് എൻ.എച്ച്. അധികൃതർ പറയുന്നത്. അതിനാൽ മേൽപ്പാലത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതോടൊപ്പം ചെലവും സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ വഹിക്കേണ്ടതായി വരുമെന്നും എം.പി. പറഞ്ഞു.
പുതുപൊന്നാനിയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി സമരങ്ങൾ നടക്കുന്നുണ്ട്. അടിപ്പാത വിഷയം അനുഭാവപൂർവം പരിഗണിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിലവിലെ അലൈൻമെന്റിൽ അടിപ്പാത നിർമിക്കാൻ കഴിയില്ലെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. ആനപ്പടിക്കും വെളിയങ്കോടിനുമിടയിൽ 4.3 കിലോമീറ്റർ ഭാഗത്ത് അടിപ്പാതയില്ല. ഈ മേഖലയിലുള്ളവർക്ക് റോഡ് മുറിച്ചുകടക്കാൻ ദീർഘദൂരം അധികമായി സഞ്ചരിക്കേണ്ടിവരും.
പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, ബി.എഡ്. കോളേജ്, അറബിക് കോളേജ്, എ.യു.പി. സ്‌കൂൾ, ജി.എഫ്.യു.പി. സ്‌കൂൾ, പുതുപൊന്നാനി ജി.എഫ്.എൽ.പി. സ്‌കൂൾ തുടങ്ങിയവ ഈ മേഖലയിലാണ്.
മൂന്നു ക്ഷേത്രങ്ങളും അഞ്ചു പള്ളികളും തീർഥാടനകേന്ദ്രമായ പുതുപൊന്നാനി മുനമ്പത്ത് ബീവി ജാറവും ഈ മേഖലയിലാണ്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പള്ളി ശ്മശാനങ്ങളിലേക്കെത്തിക്കാനും പ്രയാസപ്പെടും.