ചങ്ങരംകുളം : തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ യാത്രക്കാരുമായി നിർത്തിയിട്ട ഓട്ടോ ടാക്സി ഡ്രൈവറില്ലാതെ പുറകോട്ട് ഓടിയത്. നിറയെ യാത്രക്കാരുമായി പുറകോട്ട് ഓടിയ ഓട്ടോ ടാക്സി ഒരു സ്കൂൾ വിദ്യാർത്ഥി ഓടി വന്ന് പിടിച്ച് നിർത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓട്ടോ ടാക്സി പിടിച്ച് നിർത്തുന്ന വീഡിയോ മാധ്യമങ്ങളിൽ വാർത്ത ആയതോടെയാണ് ഓട്ടോ പിടിച്ച് നിർത്തിയ ആ മിടുക്കിയെ മാധ്യമങ്ങൾ അന്വേഷിച്ച് തുടങ്ങിയത്. ഒടുവിൽ മാധ്യമങ്ങൾ തന്നെ ആമിടുക്കിയെ കണ്ടെത്തുകയായിരുന്നു.

ചങ്ങരംകുളത്തിനടുത്ത് ചിറവല്ലൂർ കിഴക്കുമുറിയിൽ താമസിക്കുന്ന നെടിയോടത്ത് സുകുമാരൻ രജി ദമ്പതി കളുടെ മകൾ അനഘയാണ് നാടിന് തന്നെ അഭിമാനമായ ആ വൈറൽ വീഡിയോക്ക് പിന്നിലെ മിടുക്കി. പരീക്ഷക്ക് പോവാനായി ഇറങ്ങിയതാണ് മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയായ അനഘ. ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് ഹോൾടിക്കറ്റ് എടുക്കാൻ മറന്ന വിവരം അനഘ അറിയുന്നത്. തിരിച്ച് വീട്ടിലേക്ക് പോവുന്നതിനിടയിലാണ് ചങ്ങരംകുളം ടൗണിൽ ചിറവല്ലൂർ റോഡിൽ വച്ച് നിലവിളി കേട്ടത്. തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് ഡ്രൈവറില്ലാതെ പുറകിലോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഓട്ടോ ടാക്സിയും നിലവിളിക്കുന്ന യാത്രക്കാരെയുമാണ്. ഒരു നിമിഷം പോലും ചിന്തിച്ച് നിൽക്കാതെ അനഘ ആ ഓട്ടോക്ക് പിറകെ ഓടി ഓട്ടോ പിടിച്ച് നിർത്തി.

ബഹളം കേട്ട് കൂടുതൽ ആളുകളെത്തി ഓട്ടോ സുരക്ഷിതമാക്കി റോഡരികിലേക്ക് മാറ്റുകയും ചെയ്തു. തിരക്കേറിയ റോഡിൽ എതിർ ദിശയിൽ നിന്ന് ഇതെ സമയം വാഹനങ്ങൾ വരാതിരുന്നതും അനഘയുടെ അവസരോചിതമായ ഇടപെടലും വലിയ അപകടമാണ് ഒഴിവാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയും ദൃശ്യമാധ്യമങ്ങൾ വഴിയും പ്രചരിച്ചതോടെ സംഭവ സ്ഥലത്ത് നിന്ന് നിമിഷ നേരം കൊണ്ട് അപ്രത്യക്ഷയായ ആ മിടുക്കിയെ മാധ്യമങ്ങൾ തന്നെ അന്വേഷിച്ച് കൊണ്ടെത്തുകയായിരുന്നു. അനഘയുടെ അർപ്പണ ബോധത്തിനും ആത്മധൈര്യത്തിനും മുന്നിൽ കയ്യടിക്കുകയാണ് ഇന്ന് നാടും നാട്ടുകാരും.

Related Post

Leave a Reply

Your email address will not be published. Required fields are marked *