പൊന്നാനി: കോവിഡ് കാലത്തു വാങ്ങിക്കൂട്ടിയ ഉപകരണങ്ങളെല്ലാം നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു. ചവറ്റുകൊട്ടയിലേക്കു തള്ളിയത് ലക്ഷങ്ങളുടെ ഉപകരണങ്ങൾ.കട്ടിൽ തുരുമ്പെടുത്ത് ഉപയോഗയോഗ്യമല്ലാതായി. ഏതാനും കട്ടിലുകൾ ദുരിതാശ്വാസക്യാംപിലേക്ക് ഇത്തവണ ഉപയോഗിക്കാൻ കൊണ്ടുപോയതൊഴിച്ചാൽ ബാക്കിയെല്ലാം അധികൃതർ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഒന്നിനും കണക്കില്ല. എത്ര സാധനങ്ങൾ ബാക്കിയുണ്ട്, ഏതെല്ലാം തുരുമ്പെടുത്തു, എത്രയെണ്ണം ഉപയോഗയോഗ്യമാണ് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും നഗരസഭയ്ക്കും ആരോഗ്യവകുപ്പിനും ഉത്തരമില്ല. കട്ടിലും അനുബന്ധ സാധനങ്ങളുമെല്ലാം വാങ്ങിക്കൂട്ടിയത് ആരോഗ്യവകുപ്പാണ്.

നഗരസഭ ഈ ഇനങ്ങളിൽ പണം ചെലവഴിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കോവിഡ് കാലത്തെ ഉപയോഗം കഴിഞ്ഞപ്പോൾ ഇത്തരം ഉപകരണങ്ങളെല്ലാം നഗരസഭാ കാര്യാലയത്തിനു മുകളിൽ കൊണ്ടുവന്നു കൂട്ടിയിടുകയായിരുന്നു. പാത്രങ്ങൾ മിക്കതും ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ കറ വീണും തുരുമ്പെടുത്തും കിടക്കുകയാണ്.അക്കാലത്തെ ഫയലുകളും കുന്നുകൂട്ടിയിട്ടിട്ടുണ്ട്. പല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങളാണു കൂട്ടിയിട്ടു നശിപ്പിക്കുന്നത്. ഉപകരണങ്ങൾ വാങ്ങിച്ചതിലും തുടർനടപടികളിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *