തവനൂർ: കോഴിക്കോട് സർവോദയ സംഘത്തിനു കീഴിലുള്ള തവനൂർ ഖാദി നെയ്ത്തുകേന്ദ്രത്തിലെ തൊഴിലാളികൾ ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിൽ.കെ.കേളപ്പൻ സ്ഥാപിച്ച ഖാദി നെയ്ത്തുകേന്ദ്രത്തിലെ 36 വനിതാ തൊഴിലാളികളാണു സർക്കാരിൽനിന്നുള്ള മിനിമം വേതനം ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടുന്നത്.കഴിഞ്ഞ 15 മാസമായി ഇവർക്കു മിനിമം വേതനവും ഡിഎയും ലഭിക്കുന്നില്ല. കൈകൊണ്ട് നെയ്തെടുക്കുന്ന ഓരോ മുണ്ടിനും അനുവദിക്കുന്ന തുച്ഛമായ കൂലി മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. രണ്ടുപേർ ചേർന്നാണ് ഒരു മുണ്ട് നെയ്തെടുക്കുന്നത്. ഒരു ദിവസം പരമാവധി ഒന്ന് അല്ലെങ്കിൽ 2 മുണ്ടാണു നെയ്തെടുക്കുക.ഒരു മുണ്ട് നെയ്താൽ എല്ലാ അനുകൂല്യങ്ങളും മിനിമം വേതനവും അടക്കം 2 പേർക്കുമായി അനുവദിച്ചിരുന്നത് 590 രൂപയാണ്. ഒരാൾക്കു ലഭിക്കുന്നത് 295 രൂപ.
എന്നാൽ കഴിഞ്ഞ 15 മാസമായി ഒരു മുണ്ടു നെയ്താൽ ഒരാൾക്കു നൽകുന്നത് 95 രൂപ മാത്രമാണ്.ഇതോടൊപ്പം നൽകേണ്ട ഡിഎയും മിനിമം വേതനവും നൽകുന്നില്ല. അനുകൂല്യങ്ങൾ നിർത്തിയതിനു പുറമേ നെയ്ത്തു കൂലിയും യഥാസമയം ലഭിക്കുന്നില്ലെന്നു പറയുന്നു. കുടിശികയായ ആനുകൂല്യങ്ങൾ ഓണത്തിനു മുൻപു ലഭ്യമാക്കണമെന്നാണു തൊഴിലാളികളുടെ ആവശ്യം.സ്ത്രീകളുടെ മുന്നേറ്റത്തിനായി കേളപ്പജി തവനൂരിൽ സ്ഥാപിച്ച നെയ്ത്തുകേന്ദ്രമാണിത്. പലസമയങ്ങളിലായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ കേന്ദ്രത്തിന്, പ്രദേശത്തെ വനിതകൾ ജോലിക്കായി എത്തിയതോടെയാണു പുതുജീവൻ ലഭിച്ചത്. എന്നാൽ ദിവസം മുഴുവൻ ജോലിയെടുത്തിട്ടും തൊഴിലാളികൾക്ക് അർഹമായ കൂലി ലഭിക്കാത്ത അവസ്ഥയാണ്.