പൊന്നാനി: ജില്ലയിൽ വികസന നെറുകയിലേക്ക് ഫിഷിങ് ഹാർബർ. 25.1 കോടി രൂപയുടെ കേന്ദ്ര വികസന പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 1ന് ഹാർബർ പ്രദേശത്ത് മന്ത്രി സജി ചെറിയാൻ, എം.പി.അബ്ദുൽ സമദ് സമദാനി എംപി, പി.നന്ദകുമാർ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ ഓൺലൈനായാണ് പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. കേന്ദ്ര മന്ത്രി രാജീവ് രഞ്ജൻ സിങ്, സഹ മന്ത്രി ജോർജ് കുര്യൻ എന്നിവരും പങ്കെടുക്കും. ഹാർബർ പ്രദേശം ആഴം കൂട്ടൽ, പുലിമുട്ട് നവീകരണം, ഫിഷ് ലോഡിങ് ഏരിയ മേൽക്കൂര നിർമാണം, ബോട്ടുകൾക്കായുള്ള പുതിയ വാർഫിന്റെ നീളം കൂട്ടൽ, പരമ്പരാഗത വള്ളങ്ങൾക്കായി പ്രത്യേകം വാർഫ് തുടങ്ങി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. മിക്കതും ടെൻഡർ പൂർത്തീകരിച്ച് നിർമാണത്തിലേക്കു കടന്നു.ചില പദ്ധതികൾ അടുത്ത ദിവസങ്ങളിൽ തന്നെ നിർമാണം തുടങ്ങും.
ജില്ലയിലെ പ്രധാന മത്സ്യബന്ധന മേഖലയായ പൊന്നാനിയിൽ വൻ വികസന പദ്ധതികൾക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഫിഷറീസ് വകുപ്പും ഹാർബർ എൻജിനീയറിങ് വകുപ്പും ചേർന്നാണ് പ്രധാന മന്ത്രി മത്സ്യ സമ്പത്ത് യോജന പദ്ധതി നടപ്പാക്കുന്നത്.ഹാർബർ പ്രദേശത്തെ മണൽ തിട്ടകൾ നീക്കം ചെയ്ത് മൂന്നര മീറ്റർ ആഴം ഉറപ്പാക്കും. ഇതോടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും പുറമേ അടിയന്തര ഘട്ടങ്ങളിൽ ചെറിയ കപ്പലുകൾക്കു വരെ ഹാർബർ പ്രദേശത്തേക്കു കടക്കാൻ കഴിയും.ലേല ഹാളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഹാളിനകത്തേക്ക് ഇരുചക്ര വാഹനങ്ങൾ കയറ്റുന്നതടക്കം ഇനി ഒഴിവാക്കും.മത്സ്യ ലേലം മാത്രം ഹാളിലും കയറ്റി അയയ്ക്കുന്നത് ലോഡിങ് ഏരിയയിലും മാത്രമാക്കി ക്രമീകരിക്കും.