താനൂർ : മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ സീനിയർ സിവിൽ പോലീസ് ഓഫീസർ താനൂർ കേരളാധീശ്വരപുരം സ്വദേശി കെ.കെ. ഷിജിത്തിനെ ജന്മനാട് ആദരിച്ചു. സമന്വയം കലാ- കായികവേദിയുടെ നേതൃത്വത്തിൽ നടന്ന പൗരസ്വീകരണം താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി ഉദ്ഘാടനംചെയ്തു. അഫ്സൽ കെ. പുരം അധ്യക്ഷനായി.
ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫി, താനാളൂർ പഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് വി. അബ്ദുൽ റസാഖ് എന്നിവർ മുഖ്യാതിഥികളായി. സുദർശനൻ കോടത്ത് രചിച്ച തോറ്റവരുടെ എകാന്തതകൾ നോവലിന്റെ വായനശാലാ കോപ്പികളുടെ വിതരണം വി.കെ.എം. ഷാഫി നിർവഹിച്ചു. ജനപ്രതിനിധികളായ വി. ഖാദർകുട്ടി, പി.വി. ഷൺമുഖൻ, നസ്റിയ തേത്തയിൽ തുടങ്ങിയവർ സംസാരിച്ചു.