പൊന്നാനി:എംഎൽഎ ഓഫിസിനു മുൻപിലെ റോഡ് വരെ തകർന്നടിഞ്ഞു വെള്ളക്കെട്ടിൽ. ഇവിടെ മാത്രമല്ല, പൊന്നാനിയിലെങ്ങും ദുർഘടയാത്ര. എംഎൽഎ ഓഫിസിനു മുൻപിലെ റോഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. തൃക്കാവിലെ പി.നന്ദകുമാർ എംഎൽഎയുടെ ഓഫിസിന്റെ മുൻപിലാണ് യുഡിഎഫ് കൗൺസിലർമാർ സമരം നടത്തിയത്. പൊന്നാനിയിലെ മിക്ക റോഡുകളും തകർന്നടിഞ്ഞു ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഒരിടത്തും പേരിനു പോലും അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. റോഡിലെ കുഴികളിൽ വീണ് ഒട്ടേറെ യാത്രക്കാർക്കാണു പരുക്കേറ്റിരിക്കുന്നത്. ദിവസവും അപകടങ്ങൾ ഏറിവരികയാണ്.

അമൃത് പദ്ധതിയുടെ ഭാഗമായി ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നതിനാൽ ഇൗ ഭാഗത്തു ദുരിതം ഇരട്ടിയാണ്. നിർമാണം കഴിഞ്ഞ 31ന് പൂർത്തീകരിക്കണമെന്നു പി.നന്ദകുമാർ എംഎൽഎ കർശനനിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ പുല്ലുവില പോലും നൽകിയില്ല. പൈപ്പ് സ്ഥാപിക്കൽ നീളുന്നതിനാൽ റോഡ് നവീകരണവും നീണ്ടുപോകുന്ന അവസ്ഥയാണ്. ചൂണ്ടയിടൽ സമരം നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ‌ ബിയ്യം ഉദ്ഘാടനം ചെയ്തു. അനുപമ മുരളീധരൻ, ആയിഷ അബ്ദു, ഷബ്ന ആസ്മി, മിനി ജയപ്രകാശ്,  റാഷിദ് നാലകത്ത്, കെ.എം.ഇസ്മായിൽ, പ്രിയങ്ക വേലായുധൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *