എടപ്പാൾ ∙അത്തം പിറന്നു; പൂ വിപണിയും ഉണർന്നു. മലയാളിയുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാൻ ഇത്തവണയും മറുനാടൻ പൂക്കൾ എത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ചെണ്ടുമല്ലി കിലോയ്ക്ക് 180 മുതൽ 200 രൂപ വരെയാണ് വില. റോസ് 400, ജമന്തി 350, വാടാമല്ലി 350 തുടങ്ങിയവയാണ് നിലവിലെ വില. ഓണം എത്തുന്നതോടെ വിലയിൽ വർധന ഉണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സ്കൂളുകളിലും സ്ഥാപനങ്ങളിലും വലിയ രീതിയിലുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പേർ പൂക്കൾ ആവശ്യപ്പെട്ട് എത്താനുള്ള സാധ്യത കുറവാണ്. മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വ്യാപകമായി നടത്തിയിരുന്നു. ഇതിനാൽ പ്രാദേശിക വിപണിയിൽ ഈ പൂക്കളും ധാരാളമായി ലഭിക്കുന്നത് ഓണം ആഘോഷിക്കുന്നവർക്ക് ആശ്വാസമാണ്.

ഇത്തവണ അരളിപ്പൂക്കൾക്ക് ഡിമാൻഡ് കുറവ്. അരളിയിലെ വിഷ സാന്നിധ്യമാണ് പൂവിന് ഡിമാൻഡ് ഇല്ലാതാക്കിയത്. എല്ലാ വർഷവും ഓണ പൂക്കളത്തിൽ അരളിപ്പൂവിനും സ്ഥാനം ഉണ്ടാകാറുണ്ട്. എന്നാൽ അരളി ഇല കഴിച്ച് യുവതി മരിച്ചതും അരളി തിന്ന പശു ചത്തതും ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് പിറകെയാണ് അരളിപ്പൂവിന് ആവശ്യക്കാർ കുറഞ്ഞത്. ക്ഷേത്രങ്ങളിൽ നിന്ന് അരളിപ്പൂവ് ഒഴിവാക്കാൻ ദേവസ്വം ബോർഡും നിർദേശം നൽകിയിരുന്നു. ആവശ്യക്കാർ കുറഞ്ഞതിനാൽ വിൽപനക്കാരും ഇവ ദുർലഭമായി മാത്രമാണ് വിൽപനയ്ക്ക് എത്തിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *