എടപ്പാൾ : കാഴ്ചക്കുലകളുടെയും ഓണമൊരുക്കത്തിനുള്ള വിഭവങ്ങളുടെയും ഉത്സവമായ എടപ്പാൾ പൂരാട വാണിഭം വെള്ളിയാഴ്ച. തിരുവോണത്തിനു മുന്നോടിയായി ഒരു നക്ഷത്രത്തിന്റെ പേരിലൊരു വാണിഭംനടക്കുന്ന ഏകസ്ഥലമാണ് എടപ്പാൾ. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഓണക്കാലമെത്തിയതോടെ നേന്ത്രക്കായുടെ വില കുറഞ്ഞുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യകാലം മുതൽ നല്ല അഴകും ഗുണവുമൊത്ത നാടൻ കാഴ്ചക്കുലകൾ ലഭിച്ചിരുന്ന സ്ഥലമാണ് എടപ്പാൾ അങ്ങാടി. പൊന്നാനിയിൽനിന്നുള്ള മത്സ്യസമ്പത്തും കാർഷിക ഉത്പന്നങ്ങളുമെല്ലാം പൂരാടം നാളിൽ ഇവിടെയെത്തിയിരുന്നു. അന്നത്തെ പ്രധാന പട്ടണമെന്നതും ഗതാഗത സൗകര്യവുമൊക്കെയാണ് എടപ്പാളിന് ഈ പദവി ലഭിക്കാൻ കാരണമായത്.
20 രൂപയിലേക്കു വരെ കൂപ്പുകുത്തിയ നേന്ത്രക്കായുടെ വില 70 രൂപ വരെ എത്തിയിരുന്നു. എന്നാൽ അത്തം പിറക്കുന്നതിന് ഏതാനും നാൾ മുൻപ് മുതൽ വിലയിടിയാൻ തുടങ്ങി. ഇപ്പോൾ മൊത്തവില 37-38 രൂപ മാത്രമാണ്. ചില്ലറ വില്പന 43-45 രൂപയും. ഓണാഘോഷമില്ലെന്ന അറിയിപ്പു വന്നതോടെ കർഷകർ ഒന്നാകെ കുലകൾ മാർക്കറ്റിലെത്തിച്ചതോടെ ആവശ്യകത കുറഞ്ഞതാണ് വിലയിടിയാൻ കാരണമെന്ന് എടപ്പാളിലെ മൊത്ത വ്യാപാരസ്ഥാപനമായ എം.എച്ച്. ബനാനാസ് ഉടമ സലാം പറഞ്ഞു.