പൊന്നാനി : തീരദേശ കുടുംബങ്ങൾക്കായുള്ള സമ്പൂർണ കുടിവെള്ളവിതരണ പദ്ധതി പ്രവർത്തനങ്ങൾ അടുത്തയാഴ്ച തുടങ്ങും.
‘എല്ലാവർക്കും കുടിവെള്ളം എല്ലാ വീടുകളിലും വാട്ടർ കണക്‌ഷൻ’ എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമ്പൂർണ സൗജന്യ ഗാർഹിക കണക്‌ഷൻ നൽകുന്നത്.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തീരദേശമേഖലയിലെ വാർഡുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഈമാസം മൂന്നാം വാരത്തിൽ തുടങ്ങും. തീരദേശ വാർഡുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി സൗജന്യ വാട്ടർ കണക്‌ഷൻ നൽകും.
ഒന്നാംഘട്ടത്തിൽ നഗരസഭയുടെ വിഹിതം 2.8 കോടി ഉൾപ്പെടെ 21 കോടി രൂപയാണ് അമൃത് പദ്ധതിയിൽ കുടിവെള്ളവിതരണ പരിപാടിക്കായി വകയിരുത്തിയിട്ടുള്ളത്. അതുപ്രകാരം 15,000 വീടുകൾക്കാണ് കണക്‌ഷൻ നൽകുക. 2024 ജനുവരിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടാംഘട്ടത്തിൽ നഗരസഭയിലെ മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അമൃത് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് നഗരസഭയിൽ വിളിച്ചുചേർത്ത യോഗത്തിൽ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, ഷീന സുദേശൻ, തീരദേശ വാർഡുകളിലെ കൗൺസിലർമാർ, അമ്യത് പദ്ധതി എൻജിനീയർമാരായ നന്ദകുമാർ, ദിവ്യ, ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ സന്തോഷ്‌കുമാർ, നഗരസഭാ സെക്രട്ടറി സജിറൂൺ, നഗരസഭാ എൻജിനീയർ രഘു, കരാർ കമ്പനി മാനേജർ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.