കാഞ്ഞിരമുക്ക്:ബിയ്യം റഗുലേറ്ററിൽ കളകൾ നിറഞ്ഞതോടെ ഷട്ടർ ഉയർത്തുന്ന സമയങ്ങളിൽ ഒഴുക്ക് തടസ്സപ്പെടാൻ സാധ്യത. മലപ്പുറം, തൃശൂർ ജില്ലകളിലെ കോൾ, കര മേഖലകളിലെ വെള്ളം സംഭരിച്ചുവയ്ക്കുന്ന കാഞ്ഞിരമുക്ക് ബിയ്യം റഗുലേറ്ററിലാണു വ്യാപകമായി കളകൾ വളർന്നു നിൽക്കുന്നത്. മഴ ശക്തമാകുമ്പോൾ റഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തി പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുമ്പോൾ, വെള്ളത്തോടൊപ്പം കളകളും ഒഴുകി ഷട്ടറുകളിലേക്ക് എത്തുകയാണ്. കൂട്ടമായി കളകൾ എത്തി ഷട്ടറിൽ കുടുങ്ങുന്നതു പലപ്പോഴും ഒഴുക്ക് തടസ്സപ്പെടാൻ കാരണമാകുന്നുണ്ട്.

കുടുങ്ങുന്ന കളകൾ ഇറിഗേഷൻ വകുപ്പ് നീക്കുന്നുണ്ടെങ്കിലും ശക്തമായ ഒഴുക്കുള്ള സമയത്തു ദിവസവും കളകൾ നീക്കം ചെയ്യേണ്ടി വരും.ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ കോൾ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു കാലതാമസം നേരിടുന്നുണ്ട്. റഗുലേറ്ററിന് അടുത്തും വൃഷ്ടി പ്രദേശങ്ങളിലും കിലോമീറ്ററോളം ദൂരത്തിലാണു കളകൾ വളർന്നു നിൽക്കുന്നത്. കളകൾ നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും വർഷം തോറും പദ്ധതി തയാറാക്കുന്നുണ്ടെങ്കിലും മതിയായ തുക അനുവദിക്കാതെ വന്നതോടെ പദ്ധതി വൈകുകയാണ്. ജലനിരപ്പ് ഉയരുന്ന സമയത്ത് 10 ഷട്ടറുകൾ വഴിയാണ് റഗുലേറ്ററിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *