മംഗലം: അടച്ചിട്ട തൂക്കുപാലം ഉടൻ നവീകരിച്ചു തുറക്കണമെന്നും അതുവരെ പുഴയുടെ ഇരുകരകളിലേക്കും പോയി വരാൻ ബസ് സർവീസ് ആരംഭിക്കണമെന്നും നാട്ടുകാർ. മംഗലം പെരുന്തിരുത്തിയിലെ തൂക്കുപാലമാണ് ഒരു വർഷം മുൻപ് അടച്ചത്. പാലത്തിലെ പല ഭാഗങ്ങളും തുരുമ്പെടുത്തതിനാൽ കലക്ടറുടെ നിർദേശപ്രകാരം പൂട്ടുകയായിരുന്നു. പെരുന്തിരുത്തിയിൽ നിന്നു വാടിക്കൽ പ്രദേശത്തെത്താനാണു പാലം നിർമിച്ചത്. പെരുന്തിരുത്തി ഭാഗത്തുള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രം, സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്കും വാടിക്കൽ ഭാഗത്തുള്ളവർക്ക് പഞ്ചായത്ത് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിലേക്കും പോകാൻ പാലം ഉപകരിച്ചിരുന്നു. വിദ്യാർഥികളും തൊഴിലുറപ്പു തൊഴിലാളികളുമെല്ലാം പാലം കടന്നാണു ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്.
എന്നാൽ, പാലം അടച്ചതോടെ 4 കിലോമീറ്റർ ചുറ്റേണ്ട സ്ഥിതിയിലാണു നാട്ടുകാർ. പാലത്തിന്റെ തകരാർ പരിഹരിക്കണമെന്നു പലവട്ടം നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നതാണ്. അധികൃതർ ഇതുവരെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. നിലവിലെ യാത്രാക്ലേശം പരിഹരിക്കാൻ പാലം തുറക്കുന്നതു വരെ ബസ് സർവീസ് വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. തൂക്കുപാലത്തിനു സമീപത്തുനിന്ന് യത്തീംഖാന ജംക‍്ഷൻ – തെക്കേ കടവ് – കൂട്ടായി വഴിയും, പരുത്തിപ്പാലം – മംഗലം – കൂട്ടായി വഴിയും തിരൂരിലേക്കു ബസ് വേണമെന്നാണ് ആവശ്യം. ബസ് സർവീസുകൾ ഉടൻ ആരംഭിക്കണമെന്ന് മേഖല കോൺഗ്രസ് കമ്മിറ്റികൾ അധികൃതരോട് ആവശ്യപ്പെട്ടു.