Fri. Apr 18th, 2025

പൊന്നാനി : നാട് ഏറ്റെടുത്ത കടവനാട് ജലോത്സവത്തിൽ പൂക്കൈതപ്പുഴയിൽ തുഴയെറിഞ്ഞ് ഒന്നാമതായി മണിക്കൊമ്പനും മിഖായേലും.ജലോത്സവത്തിൽ മേജർ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിലാണ് ജലറാണി, ജോണിവാക്കർ എന്നീ വള്ളങ്ങളെ പിറകിലാക്കി മണിക്കൊമ്പൻ ചാമ്പ്യൻപട്ടം ഉയർത്തിയത്. ജലറാണി രണ്ടും ജോണിവാക്കർ മൂന്നും സ്ഥാനം നേടി.

കാണികളെ ആവേശത്തിരയിലാക്കിയ മൈനർ വിഭാഗം വള്ളങ്ങളുടെ മത്സരത്തിൽ കടവനാടിന്റെ മിഖായേൽ ജേതാക്കളായി.രണ്ടാംസ്ഥാനത്തിനായി കടവനാടിന്റെ വീരപുത്രനും ജൂനിയർ കായൽക്കുതിരയും ഏറെനേരം ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ വീരപുത്രൻ രണ്ടാം സ്ഥാനം നേടി.

1970-കളിൽ മലബാറിലെത്തന്നെ ആദ്യത്തെ ജലോത്സവങ്ങൾ നടന്നത് പൂക്കൈതപ്പുഴയിലായിരുന്നു. പിന്നീട് ഒരുതവണ ഒഴിച്ച്‌ ജലോത്സവം നടന്നിരുന്നില്ല.കഴിഞ്ഞ വർഷം മുതലാണ് ജനകീയമായി കടവനാട് ജലോത്സവം തുടങ്ങിയത്.ഇത്തവണ കൂടുതൽ കരുത്തോടെയാണ് പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ കടവനാട് ജലോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലോത്സവം നടത്തിയത്. 13 മേജർ വള്ളങ്ങളും 10 മൈനർ വള്ളങ്ങളും പങ്കെടുത്തു.

സി.പി.എം. നേതാവായിരുന്ന ഇ. കേശവൻ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും മുൻ എം.എൽ.എ. പി.ടി. മോഹനകൃഷ്ണൻ സ്മാരക റണ്ണേഴ്‌സ്‌ ട്രോഫിക്കും വിദ്യാഭ്യാസപ്രചാരകനും ചരിത്രകാരനുമായിരുന്ന പ്രൊഫ. കടവനാട് മുഹമ്മദ് സ്മാരക സെക്കൻഡ് റണ്ണറപ്പിനും വേണ്ടിയുള്ള മത്സരമാണ് നടന്നത്.ചാമ്പ്യന്മാർക്ക് സ്മാരക ട്രോഫികളും കാഷ് അവാർഡും തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര വിതരണം ചെയ്തു.ജലോത്സവം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, നഗരസഭാ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, പൊന്നാനി നഗരസഭാ അംഗങ്ങളായ ഫർഹാൻ ബിയ്യം, വി.എസ്. അശോകൻ, അഡ്വ. ബിൻസി ഭാസ്‌കർ, മാറഞ്ചേരി പഞ്ചായത്തംഗം ടി.കെ. ബൽക്കീസ്, കടവനാട് ജലോത്സവ കമ്മിറ്റി കൺവീനർ പി.വി. അയ്യൂബ്, പി.ടി. അജയ്‌മോഹൻ, പി.എ. സജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *