തിരൂർ : ജില്ലയിൽ തടസ്സമില്ലാതെ മികച്ചനിലയിൽ വൈദ്യുതി വിതരണംചെയ്യാൻ തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിൽ 204 കോടി രൂപ ചെലവിൽ 220 കെ.വി. സബ്‌സ്റ്റേഷനും 110 കെ.വി. സബ്‌സ്റ്റേഷനും സ്ഥാപിക്കുന്നു. 400 മെഗാവാട്ട് പ്രസരണശേഷിയുള്ള സബ്‌സ്റ്റേഷൻ രണ്ടേക്കർ പത്തുസെന്റ് സ്ഥലത്താണ് മൂന്നുഘട്ടങ്ങളിലായി നിർമിക്കുക. ആദ്യഘട്ടം 2025 ഫെബ്രുവരിയിലും രണ്ടാംഘട്ടം 2026 ഡിസംബറിലും പൂർത്തിയാക്കും.
തൃശ്ശൂരിലെ ഹൈവോൾട്ടേജ് ഡയറക്ട് സംവിധാനത്തിൽനിന്ന് കുന്നംകുളം വഴിയാണ് വൈദ്യുതി വെങ്ങാലൂർ സബ്സ്റ്റേഷനിലെത്തുക. തിരൂർ, താനൂർ, തവനൂർ, കോട്ടയ്ക്കൽ നിയോജകമണ്ഡലങ്ങളിലെ 11 ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.വെങ്ങാലൂരിൽ നിർമിക്കുന്ന 110 കെ.വി. സബ്സ്റ്റേഷനിൽനിന്ന് തിരൂർ, കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി എന്നീ സബ്‌സ്റ്റേഷനുകളിലേക്ക് വൈദ്യുതി വിതരണംചെയ്യും. ഭാവിയിൽ ആലുവയിൽനിന്ന് കുന്നംകുളം വഴിയും വെങ്ങാലൂർ സബ്സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തും.
വെങ്ങാലൂരിലെ 220 കെ.വി. സബ്സ്റ്റേഷന്റെ തറക്കല്ലിടൽ ഈ മാസം 23-ന് രാവിലെ പത്തരയ്ക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. 110 കെ.വി. സബ്‌സ്റ്റേഷന് മന്ത്രി വി. അബ്ദുറഹ്‌മാൻ തറക്കല്ലിടും. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിക്കും. ഡോ. അബ്ദുസ്സമദ് സമദാനി എം.പി., എം.എൽ.എ.മാരായ ഡോ. കെ.ടി. ജലീൽ, പ്രൊഫ. കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സബ്‌സ്റ്റേഷന് തറക്കല്ലിടുന്നതിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തിരൂർ സർക്കാർ വിശ്രമമന്ദിരത്തിൽ വിളിച്ചുചേർത്ത പഞ്ചായത്ത് പ്രസിഡൻറുമാരുടെയും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെയും രാഷ്ടീയപാർട്ടി നേതാക്കളുടെയും യോഗത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു.
തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ, വെട്ടം പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി, വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത്, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് സനൂബിയ, തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പള്ളി ഖദീജ, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ റഷീദ്, എക്സിക്യുട്ടീവ് എൻജിനീയർമാരായ കെ. രാജേഷ്, അജിതകുമാരി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമാരായ ജയരാജ്, അച്യുതൻകുട്ടി, അസിസ്റ്റന്റ് എൻജിനീയർമാരായ അബ്ദുൾസലാം, ഫൈസൽ, സി.പി.എം. ഏരിയാസെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.