എടപ്പാൾ : എടപ്പാളിലെ ജോലിസ്ഥലത്തുനിന്ന് മൂക്കുതലയിലുള്ള വീട്ടിലേക്കു പോകുമ്പോഴാണ് ഡോ. റംഷീനയ്ക്ക് തന്റെ ബാഗിലിരുന്ന പഴ്‌സ് നഷ്ടപ്പെട്ടത്. കുറച്ച് പൈസക്കൊപ്പം ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എ.ടി.എം. കാർഡുകൾ എല്ലാം അതിലായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. എല്ലാം വീണ്ടും ശരിയാക്കിയെടുക്കാനുള്ള ഓട്ടമാരംഭിച്ചപ്പോഴാണ് എടപ്പാൾ അങ്ങാടിയിലെ ജുമാമസ്ജിദിൽ വർഷങ്ങളായി ഖബർ കുഴിക്കുന്ന തട്ടാൻപടി സ്വദേശി ഇസ്മായിലിന്റെ വിളി വരുന്നത്. പഴ്സ് തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നായിരുന്നു ആ ഫോൺകോൾ.

എടപ്പാൾ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ ഡോക്ടറായ മുക്കം സ്വദേശിനി റംഷീന സെപ്റ്റംബർ ഒന്നിന് ജോലികഴിഞ്ഞ് മൂക്കുതലയിലെ ഭർത്തൃവീട്ടിലേക്ക് പോകുമ്പോൾ ബസ് യാത്രക്കിടെ ബാഗിൽനിന്ന് ഫോണെടുത്ത് സംസാരിച്ചിരുന്നു. ബാഗ് അടയ്ക്കാൻ മറന്ന തക്കംനോക്കി പഴ്‌സ് ആരോ കവർന്നു. കവർച്ച നടത്തിയയാൾ പണമെടുത്തശേഷം പഴ്‌സ് ശ്മശാനത്തിലേക്കെറിഞ്ഞതാവുമെന്നാണ് കരുതുന്നത്.

തലമുണ്ടയിൽ അന്തരിച്ച വി.കെ. ഉമ്മറിന്റെ ഖബറടക്കത്തിനായി കുഴിയെടുക്കുമ്പോഴാണ് ഇസ്മായിലിനും സഹപ്രവർത്തകരായ നൗഷാദിനും മുഹമ്മദിനും പഴ്‌സ് കിട്ടുന്നത്. ഇവർ ഉടൻ ഉമ്മറിന്റെ ബന്ധുവും മുൻ ഗ്രാമപ്പഞ്ചായത്തംഗവുമായ വി.കെ.എ. മജീദു മുഖേന ഡോക്ടറുടെ നമ്പർ ശേഖരിച്ച് വിളിക്കുകയായിരുന്നു. ഞായറാഴ്ച ഡോക്ടർ എടപ്പാളിലെത്തി മഹല്ല് സെക്രട്ടറി കെ.വി. ബാവയുടെയും വി.കെ.എ. മജീദിന്റെയും സാന്നിധ്യത്തിൽ പഴ്‌സ് ഏറ്റുവാങ്ങി നന്ദിയറിയിച്ച് മടങ്ങി.

Related Post

Leave a Reply

Your email address will not be published. Required fields are marked *