കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ അമിതവേഗത്തിൽ എതിർദിശയിലൂടെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. തിരൂർ റോഡ് ജങ്ഷനിൽനിന്നു തിരൂർ റോഡ് വഴി ബി.എസ്.എൻ.എൽ. ഓഫീസിനു മുൻപിലൂടേയുള്ള വൺവേ റോഡ് വഴി വേണം ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ പ്രവേശിക്കാൻ. എന്നാൽ മിക്ക ബസുകളും തിരൂർ റോഡ് ജങ്ഷനിൽനിന്നും തിരിയാതെ നേരെ റെയിൽവേ സ്റ്റേഷൻ റോഡ് വഴി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയാണ്.

ഇത്തരത്തിൽ അമിതവേഗത്തിലെത്തുന്ന ബസുകൾക്ക് മുൻപിൽ കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനം തുടങ്ങിയവ അപകടത്തിൽപ്പെടുന്നത് വർധിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽനിന്നും യാത്രക്കാരുമായി വരുകയായിരുന്ന കാർ അമിതവേഗത്തിലെത്തിയ ബസിനു മുൻപിൽനിന്ന് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത് തല നാരിഴയ്ക്കാണ്.

തിരൂർ റോഡ് ജങ്ഷനിൽനിന്ന് നേരെ ബസ് സ്റ്റാൻഡ് റോഡിലേക്ക് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ അറിയിപ്പ് ബോർഡും ബാരിക്കേഡും നേരത്തെ സ്ഥാപിച്ചിരുന്നു. ഏതാനും മാസം മുൻപ് ഒരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഈ ബാരിക്കേഡ് ഇടിച്ചു തകർത്ത് ബസ് സ്റ്റാൻഡിലേക്ക് കയറി. സംഭവം വിവാദമായപ്പോൾ ബാരിക്കേഡ് ബസുടമ തന്നെ നിർമിച്ചുനൽകാമെന്ന് പോലീസിന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ പുതിയത് സ്ഥാപിച്ചിട്ടിട്ടില്ല. കഴിഞ്ഞമാസം ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിന്റെ പുനരാംഭ ഉദ്ഘാടനവേളയിൽ ടൗണിൽ അടിയന്തരമായി ഗതാഗതപരിഷ്കരണം നടപ്പാക്കുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ആ പ്രഖ്യാപനവും നടപ്പായിട്ടില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *