താനൂർ : താനൂർ മീൻപിടിത്തതുറമുഖവും പരിസരവും മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. ദിവസവും തൊഴിലാളികളടക്കം ഏറ്റവുംകൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറുമുഖമാണിത്.മലിനജലവും മത്സ്യമാലിന്യങ്ങളും പ്ലാസ്റ്റിക്കും കാലങ്ങളായി തുറമുഖപരിസരത്ത് പരന്ന് കെട്ടിക്കിടക്കുകയാണ്.
ഇതുമൂലം പ്രദേശവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾഉണ്ടാകുന്നതായി പരാതിയുണ്ട്. ഹാർബർ എൻജിനിയറിങ് വകുപ്പ് ഇതുവരെയും മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാനും നിലവിലുള്ള മാലിന്യങ്ങൾ നീക്കംചെയ്യാനും തയ്യാറായിട്ടില്ല.തുറമുഖത്ത് കുടിവെള്ളസൗകര്യം ഇതുവരെയും ലഭ്യമല്ല. ശൗചാലയങ്ങളുമില്ല. നിർമാണപ്രവൃത്തികൾ ഇനിയും ഇഴഞ്ഞുനീങ്ങുകയാണ്.
പ്രവൃത്തി പൂർത്തികരിക്കുകയോ അടിസ്ഥാന സൗകര്യങ്ങൾ നൽകുകയോ ചെയ്യാതെ പ്രവേശനഫീസ് വാങ്ങാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.തുറമുഖത്തിലെ മാലിന്യപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് താനൂർ നഗരസഭ തുറമുഖ എൻജിനിയറിങ് വകുപ്പിന് വീണ്ടും നോട്ടീസ് നൽകി.സെപ്റ്റംബർ ഒൻപതിനാണ് ആദ്യ നോട്ടീസ് നൽകിയത്. നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നൽകിയത്.വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങൾ മൂലം രോഗങ്ങൾ പടർന്നു പിടിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
നഗരസഭാ ആരോഗ്യ വിഭാഗം തുറമുഖത്ത് നടത്തിയ പരിശോധയിൽ രൂക്ഷമായ മാലിന്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. മാലിന്യപ്രശ്നം ഉടൻ പരിഹരിച്ച് രേഖാമൂലം അറിയിക്കണമെന്നാണ് തുറമുഖ എൻജിനിയറിങ് വിഭാഗത്തോട് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ റഷീദ് മോര്യ പറഞ്ഞു.പണി പൂർത്തിയാകാത്ത തുറമുഖത്തിൽ പ്രവേശനഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരേ ശനിയാഴ്ച യു.ഡി.എഫിന്റെ നേതൃത്വത്തിൽ തുറുമുഖത്തേക്ക് മാർച്ച് സംഘടിപ്പിക്കും.ഉച്ചതിരിഞ്ഞ് മൂന്നിന് ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും.