എടപ്പാൾ : ചേക്കോട്ട് മതസൗഹാർദത്തിന്റെ മസ്ജിദ് ഉയരുന്നു. ആനക്കര ചേക്കോട് സ്‌കൈലാബിലാണു നേരത്തേ ഉണ്ടായിരുന്ന ചെറിയ പള്ളി പുതുക്കി മസ്ജിദ് നിർമിക്കുന്നത്. ചേക്കോട് എരിഞ്ഞിക്കൽ രാജനാണു പള്ളി നിർമാണപ്രവർത്തനത്തിന് 50,000 രൂപ നൽകിയിരിക്കുന്നത്. നേരത്തേ പള്ളി നിർമാണത്തിനു സ്ഥലവും സാമ്പത്തിക സഹായവും നൽകിയതു രാജന്റെ ഉറ്റ സുഹൃത്തായ പള്ളത്ത് കുഞ്ഞൻ ആയിരുന്നു. മലപ്പുറം – പാലക്കാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. ക്ഷേത്രത്തിലെ അന്നദാനവും പള്ളിയിലെ അന്നദാനവും സഹകരണത്തോടെ നടക്കുന്നതും ഇവിടങ്ങളിൽ പതിവുകാഴ്ചയാണ്.