പൊന്നാനി :  നഗരസഭ ടൂറിസം ടെൻഡർ ഉറപ്പിക്കുന്നു; ജില്ലയിലെ നമ്പർ വൺ കായൽ ടൂറിസം കേന്ദ്രമായി പുളിക്കക്കടവ് കായൽത്തീരം മാറും. റോപ്‌വേയും കയാക്കിങും വാട്ടർ സ്കൂട്ടർ ഉൾപ്പെടെ വിവിധ റൈഡുകളും ഉൾക്കൊള്ളുന്ന ജില്ലയിലെ ഒരേയൊരു കായൽത്തീരമായി പുളിക്കക്കടവ് മുഖം മിനുക്കും.  പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. 5 കമ്പനികൾ പങ്കെടുക്കുന്നുണ്ട്. വർഷം 2.7 ലക്ഷം രൂപയും ടിക്കറ്റ് ഇനത്തിൽ 10% വിനോദ നികുതിയും നഗരസഭയ്ക്കു നൽകാമെന്നു വാഗ്ദാനം ചെയ്ത കമ്പനിക്കാണു ടെൻഡർ ഉറപ്പിക്കാൻ പോകുന്നത്. ഇതുസംബന്ധിച്ച് അടുത്ത കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ടൂറിസം റൈഡുകൾക്കായി 1.25 കോടി രൂപ വരെ നിക്ഷേപിക്കാൻ തയാറായിട്ടാണു കമ്പനി മുന്നോട്ടു വന്നിരിക്കുന്നത്.

കയാക്കിങ്, വാട്ടർ ബോൾ, ബോട്ട് സർവീസ്, വാട്ടർ സ്കൂട്ടർ, കാഞ്ഞിരമുക്കിൽനിന്നു പൊന്നാനി തീരത്തേക്കു നീളുന്ന റോപ്‌വേ തുടങ്ങി വിവിധ പദ്ധതികളാണു കമ്പനി മുന്നോട്ടുവച്ചിരിക്കുന്നത്. നേരത്തേ കായലിൽ ബോട്ട് സർവീസുണ്ടായിരുന്നെങ്കിലും പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. കായൽത്തീരവും ടൂറിസം പ്രദേശവുമെല്ലാം നേരത്തേ ഡിടിപിസിയുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് നഗരസഭയുടെ ഉടമസ്ഥതയിൽ വന്നതോടെയാണ് ഉണർവായത്. വർഷങ്ങളായി തകർച്ചയിലായിരുന്ന തൂക്കുപാലം നഗരസഭ മുൻകയ്യെടുത്തു നവീകരിച്ചു. തിരക്കേറിയ ടൂറിസം പ്രദേശമായി പുളിക്കക്കടവ് മാറുമെന്നാണു പ്രതീക്ഷ.

Related Post

Leave a Reply

Your email address will not be published. Required fields are marked *