മലപ്പുറം : കെഎസ്ആർടിസി കഴിഞ്ഞ ഒരു വർഷം വിനോദയാത്രകളിലൂടെ മാത്രം ജില്ലയിൽനിന്നു നേടിയത് 1,15,30,091 രൂപ. ജില്ലയിലെ 4 ഡിപ്പോകൾ വഴിയാണ് ഈ നേട്ടം. 2023 ജൂലൈ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിലാണ് ഇതു കൈവരിച്ചത്.
കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ പദ്ധതിക്കു തുടക്കം കുറിച്ച മലപ്പുറം ഡിപ്പോയ്‌ക്കു തന്നെയാണ് ഈ കാലയളവിൽ കൂടിയ വരുമാനം. 64,04,491 രൂപയാണു നേടിയത്. 24,22,600 രൂപ നേടിയ പെരിന്തൽമണ്ണ ഡിപ്പോയാണു രണ്ടാം സ്ഥാനത്ത്. നിലമ്പൂർ ഡിപ്പോ 16,52,340 രൂപ നേടി. ടൂർ പാക്കേജിലൂടെ ഏറ്റവും കുറവു വരുമാനം നേടിയതു പൊന്നാനി ഡിപ്പോയാണ്, 10,50,660 രൂപ.അതേസമയം, ആദ്യ 6 മാസത്തെ അപേക്ഷിച്ചു കഴിഞ്ഞ ആറു മാസക്കാലത്തു ഡിപ്പോകളിൽ നിന്നുള്ള ടൂർ പാക്കേജുകളുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി. ടൂർ പാക്കേജുകൾ ആസൂത്രണം ചെയ്യുകയും പദ്ധതി ക്ലിക്കാവുമെന്നു മേലധികാരികളെ ബോധ്യപ്പെടുത്തി ആദ്യ ഘട്ടത്തിൽ നടപ്പാക്കുകയും ചെയ്‌ത ഉദ്യോഗസ്ഥ സംഘം ജില്ലയിൽനിന്നു സ്ഥലം മാറിപ്പോയതും പദ്ധതിക്കു തിരിച്ചടിയായി.
മലപ്പുറം ഡിപ്പോയിൽനിന്നു കോവിഡിനുശേഷം സംഘടിപ്പിച്ച മൂന്നാർ യാത്രയായിരുന്നു കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ പരീക്ഷണം. അന്ന് 51 പേരെ ലക്ഷ്യമിട്ട യാത്രയ്‌ക്ക് അഞ്ഞൂറിലേറെപ്പേരാണു ബുക്ക് ചെയ്‌തത്. 2021 ഒക്‌ടോബർ 16നായിരുന്നു ആദ്യ യാത്ര. അവിടുന്നിങ്ങോട്ട് കെഎസ്ആർടിസിയുടെ വിനോദയാത്രകളേറെയും ജില്ല ഏറ്റെടുത്തു. ജില്ലയെ മാതൃകയാക്കി മറ്റു ജില്ലകളിലും കെഎസ്ആർടിസി വിനോദയാത്രാ പാക്കേജുകളിറക്കി വിജയിപ്പിച്ചു.കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ജനുവരിയിലാണു മലപ്പുറം ഡിപ്പോ വിനോദയാത്രയിലൂടെ കൂടുതൽ വരുമാനം നേടിയത്. 8,28,920 രൂപ. 35,770 രൂപ മാത്രം വരുമാനം നേടിയ ജൂണിലാണ് ഏറ്റവും കുറഞ്ഞ വരുമാനം ലഭിച്ചത്. പെരിന്തൽമണ്ണ യൂണിറ്റിൽ കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് 3,53,860 രൂപയിലൂടെ ഏറ്റവും കൂടിയ വരുമാനം ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ ടൂർ പാക്കേജുകളൊന്നും ഉണ്ടായില്ല.ഫെബ്രുവരിയിലും ജൂലൈ മാസത്തിലും വരുമാനത്തിൽ ഗണ്യമായ കുറവുവന്നു. യഥാക്രമം 92,460 രൂപയും 96,760 രൂപയുമായി.
പൊന്നാനി ഡിപ്പോയിൽ ഈ വർഷം ഫെബ്രുവരി, മാർച്ച്, ജൂൺ, ജൂലൈ മാസങ്ങളിൽ വിനോദയാത്രകളൊന്നുമില്ല. കഴിഞ്ഞ ജനുവരിയിൽ ലഭിച്ച 2,66,900 രൂപയാണ് ഒരു വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ വരുമാനം. ഇതുവരെയായി മൂന്നാർ, വയനാട്, മാമലക്കണ്ടം, കക്കയം, തുഷാരഗിരി, നെല്ലിയാമ്പതി, ആലപ്പുഴ, വാഗമൺ, കുമരകം തുടങ്ങി ഒട്ടേറെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസിയുടെ വിനോദ യാത്രകൾ നടന്നു.