കുറ്റിപ്പുറം : പേരശ്ശനൂർ റെയിൽവേസ്റ്റേഷൻ ഓർമയായി. നഷ്ടത്തിലുള്ള സ്റ്റേഷനുകൾ നിർത്തലാക്കുന്ന റെയിൽവേ ബോർഡ് നയത്തിന്റെ ഭാഗമായാണ് 45 വർഷത്തെ പഴക്കമുള്ള പേരശ്ശനൂർ റെയിൽവേസ്റ്റേഷൻ നിർത്തലാക്കുന്നത്. സ്റ്റേഷൻ പൂർണമായും പൊളിച്ചുനീക്കുകയാണ്. 1979-ൽ ഇവിടെ തുടങ്ങിയ സ്റ്റേഷന്റെ പ്രവർത്തനം കോവിഡ് വ്യാപനത്തെത്തുടർന്ന് തീവണ്ടിഗതാഗതം താത്കാലികമായി നിർത്തിയപ്പോഴാണ് നിലയ്ക്കുന്നത്.പേരശ്ശനൂരിലെയും സമീപപ്രദേശങ്ങളായ പൈങ്കണ്ണൂർ, മങ്കേരി, മണ്ണിയംപെരുമ്പലം തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഈ സ്റ്റേഷൻ വലിയ പങ്കാണ് വഹിച്ചിരുന്നത്.
രാവിലെ 6.30-ന് കോയമ്പത്തൂർ, 7.30-ന് കണ്ണൂർ, 8.30-ന് തൃശ്ശൂർ എന്നിവിടങ്ങളിലേക്കും വൈകീട്ട് 6.10-ന് കോഴിക്കോട്, 7.10-ന് കോഴിക്കോട്, 7.30-ന് ഷൊർണ്ണൂർ എന്നിവിടങ്ങളിലേക്കും പോകുന്ന തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നു. തീവണ്ടികൾ ഇവിടെ നിർത്തിയിരുന്നത് വിദ്യാർഥികൾക്കും വിവിധ മേഖലകളിലെ ജോലിക്കാർക്കും ഏറെ സൗകര്യമായിരുന്നു.ഇവിടെ ടിക്കറ്റ് വില്പന സ്വകാര്യവ്യക്തികൾക്ക് കരാർ നൽകുന്നതായിരുന്നു രീതി. റെയിൽവേ ഹാൾട്ട് ഏജന്റ് എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഏജന്റിന് മാസം 500 രൂപ ശമ്പളവും ടിക്കറ്റ് വിലയുടെ 15 ശതമാനം കമ്മിഷനുമാണ് ലഭിച്ചിരുന്നത്.
റെയിൽവേസ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് റെയിൽവേയിൽ സമ്മർദ്ദം ചെലുത്താൻ നാട്ടുകാർ സർവകക്ഷി ആക്‌ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നില്ല. പാലക്കാട് ഡിവിഷനിൽ പേരശ്ശനൂരിനെ കൂടാതെ പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ട, പൊള്ളാച്ചിക്കടുത്തുള്ള പുതുകന്യാ നഗരം റെയിൽവേ സ്റ്റേഷനുകളും പൊളിച്ചുനീക്കുകയാണ്.