എടപ്പാൾ  :  ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. സംസ്ഥാനപാതയിലൂടെയുള്ള പൈപ്പിടൽ ജോലികൾ അവസാനഘട്ടത്തിൽ ആണ്. തൃശൂർ റോഡിൽ നടുവട്ടം കണ്ണഞ്ചിറ വരെയും കുറ്റിപ്പുറം റോഡിൽ അണ്ണക്കംപാട് വരെയും ജോലികൾ പൂർത്തിയായി. ശേഷിക്കുന്ന ഭാഗത്തെ ജോലികൾ ഉടൻ ആരംഭിക്കും. നന്നംമുക്ക്, കാലടി പഞ്ചായത്തുകളിലെ പൈപ്പിടൽ ജോലികളാണ് ഇനി അവശേഷിക്കുന്നത്. മറ്റു പഞ്ചായത്തുകളിലെ ജോലികളും അവസാനഘട്ടത്തിൽ ആണ്.

കണ്ടനകം കെഎസ്ആർടിസിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന കൂറ്റൻ ടാങ്കുകളുടെ ജോലികളും പുരോഗമിക്കുന്നുണ്ട്. പദ്ധതി പ്രദേശത്തു നിന്നും വെള്ളം ഇവിടേക്ക് പമ്പ് ചെയ്ത് അതത് പഞ്ചായത്ത് പരിധികളിൽ സ്ഥാപിക്കുന്ന ചെറിയ ടാങ്കുകളിലേക്ക് എത്തിച്ച് ഇവിടെ നിന്നും ഓരോ മേഖലകളിലേക്കും വെള്ളം എത്തിക്കാനാണ് പദ്ധതി. ഇതോടെ നിലവിലെ ജലക്ഷാമത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ പൈപ്പുകൾ ഇടയ്ക്കിടെ തകരുന്നത് മൂലം ജലവിതരണം മുടങ്ങുന്നത് പതിവായിരുന്നു. പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ ഇടയ്ക്കിടെ പൊട്ടുന്ന പ്രവണത ഒഴിവാക്കാനാകും.

ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളുടെ ഭാഗമായി എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ടൗണിൽ പാലത്തിന് താഴെയുള്ള സർവീസ് റോഡുകളിലൂടെയാണ് പൈപ്പുകൾ കടന്നുപോവുക. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുമ്പോൾ ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ഓണത്തിന് മുൻപായി ഈ ഭാഗത്തെ ജോലികൾ പൂർത്തീകരിക്കാൻ ജല അതോറിറ്റി അധികൃതർ ശ്രമം നടത്തിയെങ്കിലും തിരക്ക് വർധിക്കുന്ന സമയം ആയതിനാൽ ഇത് ഒഴിവാക്കാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അടുത്ത ആഴ്ചയോടെ ഓരോ റോഡിലും ഗതാഗതം നിയന്ത്രിച്ച് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടത്താൻ തീരുമാനിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *