തിരൂർ : റെയിൽവേ സ്റ്റേഷനിലെ പുതിയ നടപ്പാലത്തിൽ അടയാള ബോർഡുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷനിലെ 3 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് മധ്യഭാഗത്തായി പുതിയ നടപ്പാലം നിർമിച്ചത്. പുതിയ കവാടം വഴി ഇതിൽ കയറുന്നവർ ഒന്നാമത്തെ പ്ലാറ്റ്ഫോമാണെന്നു കരുതി രണ്ടിലേക്ക് ഇറങ്ങുന്നത് പതിവാണ്. പ്രായമായവും ഭിന്നശേഷിക്കാരുമെല്ലാം ഇതുവഴി രണ്ടാം പ്ലാറ്റ്ഫോമിലേക്കിറങ്ങി കഴിയുമ്പോഴാണ് അബദ്ധം മനസ്സിലാക്കുന്നത്.
ഇതോടെ ഇവർക്ക് തിരിച്ചു പാലത്തിലേക്കു തന്നെ കയറേണ്ടി വരികയാണ്. ഇത്തരത്തിൽ അബദ്ധം പറ്റുന്ന ഒട്ടേറെ യാത്രക്കാരെ ഇവിടെ കാണാം. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഈ പ്രശ്നമില്ലെങ്കിലും മറ്റിടങ്ങളിൽ നിന്നു വരുന്നവർക്കാണ് ഈ പ്രശ്നം നേരിടേണ്ടി വരുന്നത്. നിലവിൽ പണി പൂർത്തിയായി കഴിഞ്ഞ നടപ്പാലത്തിൽ ഓരോ പ്ലാറ്റ്ഫോമുകളിലേക്കും ഇറങ്ങേണ്ട സ്ഥലത്ത് അടയാള ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. പണിയുടെ ഭാഗമായി സ്റ്റേഷനിലെ പഴയ നടപ്പാലം അടച്ചിട്ടിരിക്കുയാണ്.
അമൃത് ഭാരത് പദ്ധതി വഴിയുള്ള സ്റ്റേഷനിലെ പ്രവൃത്തികൾ വേഗത്തിൽ നടക്കുന്നുണ്ട്. നടപ്പാലത്തിലേക്കു പ്രധാന കവാടത്തിൽ നിന്നും പുതിയ കവാടത്തിൽ നിന്നുമുള്ള എസ്കലേറ്റർ സംവിധാനത്തിന്റെ പണി നടക്കുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമിലേക്കുള്ള ലിഫ്റ്റിന്റെ പണിയും പൂർത്തിയായി കഴിഞ്ഞു. നിലവിൽ മൂന്നാം പ്ലാറ്റ്ഫോം ഉയർത്തുന്ന പണിയും ഇവിടെ നടക്കുന്നുണ്ട്.