തവനൂർ : നിർദിഷ്ട തവനൂർ-തിരുനാവായ പാലം നിർമാണഘട്ടത്തിലെത്തിനിൽക്കുമ്പോൾ അലൈൻമെന്റിനെ സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. അലൈൻമെന്റ് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ, ഈ ഘട്ടത്തിലും അലൈൻമെന്റ് മാറ്റാൻ യാതൊരു തടസ്സവുമില്ലെന്നാണ് പുതിയ അലൈൻമെന്റ് എന്ന ബദൽ നിർദേശം മുന്നോട്ടുവെച്ച മെട്രോമാൻ ഇ. ശ്രീധരൻ പറയുന്നത്.അലൈൻമെന്റിന്റെ കാര്യത്തിൽ യുക്തമായ തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ വർഷങ്ങളായി ഇരുകരക്കാരും കാത്തിരിക്കുന്ന പദ്ധതി വെറും സ്വപ്നം മാത്രമായി തുടരും.
പുതിയ അലൈൻമെന്റിൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിവിധി എന്താകുമെന്നാണ് ഏവരും കാത്തിരിക്കുന്നത്. നിലവിലെ നിർമാണത്തിന് കോടതി സ്റ്റേ അനുവദിച്ചാൽ പാലംനിർമാണം എെന്നന്നേയ്ക്കുമായി മുടങ്ങുമെന്നാണ് തവനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് മെട്രോമാൻ ഇ. ശ്രീധരനെ അറിയിച്ചത്. അങ്ങനെ സംഭവിച്ചാൽ തവനൂർ-തിരുനാവായ പാലം മുടക്കിയ ആൾ എന്ന നിലയിലായിരിക്കും മെട്രോമാൻ ഇ. ശ്രീധരൻ അറിയപ്പെടുകയെന്നും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നീക്കത്തിൽനിന്ന് പിന്തിരിയണമെന്നും വൈസ് പ്രസിഡന്റ് അദ്ദേഹത്തോട് അഭ്യർഥിച്ചിരുന്നു.
എന്നാൽ, പദ്ധതിക്ക് എതിരല്ലെന്നും അലൈൻമെന്റിൽ ചെറിയൊരു മാറ്റംവരുത്തി പാലം നിർമിച്ചാൽ ത്രിമൂർത്തി സംഗമസ്ഥാനത്തിന്റെ പവിത്രത നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടാവില്ല, അതുപോലെ കെ. കേളപ്പന്റെ സ്മാരകങ്ങളെ സംരക്ഷിച്ചുനിർത്താനുമാകുമെന്നുമാണ് മെട്രോമാൻ ഇ. ശ്രീധരന്റെ നിലപാട്. ഈ മാസം 30-ന് കോടതിവിധിയുണ്ടാകുമെന്നാണ് അറിഞ്ഞതെന്നും തുടർ നടപടികൾ അതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നപദ്ധതി നടപ്പാക്കണമെന്നകാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. അലൈൻമെന്റുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്ന വിവാദങ്ങൾ പാലത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.ബി.ജെ.പി.യും മെട്രോമാനും സർവോദയമണ്ഡലവും മുന്നോട്ടുവെച്ച വാദങ്ങളെ ബഹുജന കൂട്ടായ്മയോടെ നേരിടാനാണ് സി.പി.എം. തീരുമാനം. ഇപ്പോൾ നിശ്ചയിച്ച അലൈമെന്റിൽ പാലം നിർമിക്കണമെന്ന ആവശ്യം ജനകീയമായി ഉയർത്തിക്കൊണ്ടുവരികയാണ് ബഹുജനക്കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുപോയില്ലെങ്കിൽ പാലം നിർമാണം ഇനിയും നീണ്ടുപോകാനാണ് സാധ്യത. ഇത് പദ്ധതിതന്നെ ഇല്ലാതാവാൻ കാരണമായേക്കുമോ എന്നാണ് ആശങ്ക.
ഇപ്പോഴല്ല, കഴിഞ്ഞവർഷം അവിടുത്തെ നാട്ടുകാരാണ് ഇത്തരത്തിൽ പാലം നിർമിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അപ്പോഴാണ് ഗൗരവം മനസ്സിലായത്. 2023 നവംബറിൽ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി. മറുപടിയുണ്ടായില്ല. പിന്നീട് വീണ്ടും കത്തെഴുതി. അതിന് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന മറുപടി ലഭിച്ചു. പിന്നീട്, മുഖ്യമന്ത്രിയെ നേരിട്ടുകാണാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല.
തിരുനാവായ ഭാഗത്ത് ഇപ്പോൾ നിശ്ചയിച്ച ഭാഗത്തുനിന്നുതന്നെ പാലം തുടങ്ങാം. അവിടെനിന്ന് തവനൂർ കടവിലേക്കാണ് ആദ്യം ഞാൻ ഉദ്ദേശിച്ചത്. അത് നീളം കൂടുതലാണെന്ന് പിന്നീട് മനസ്സിലായി. നിലവിലെ അലൈൻമെന്റ് പ്രകാരം തവനൂർ ശിവക്ഷേത്രത്തിനുമുന്നിലാണ് പാലം ചെന്നെത്തുക. ഈ ഭാഗത്തിനും പഴയ കടവിനും ഇടയിലുള്ള സ്ഥലത്ത് പാലം നിർമിക്കണമെന്നാണ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇനി അലൈൻമെന്റ് മാറ്റം സാധ്യമാണോ?സാധ്യമാണ്. ടെൻഡർ പോലും വിളിക്കേണ്ടതില്ല. ഞാൻ നിർദേശിച്ച പ്രകാരമാണ് നിർമാണമെങ്കിൽ ഇപ്പോഴത്തേക്കാൾ ചെലവ് കുറയുകയാണ് ചെയ്യുക. ഇപ്പോൾ ഏറ്റെടുത്തയത്ര ഭൂമി ഏറ്റെടുക്കേണ്ടതില്ല. ഏറ്റെടുത്ത ഭൂമി തിരിച്ചുനൽകി പണം മടക്കി വാങ്ങാനും സർക്കാരിനാകും. 50 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലും ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരും. സ്ഥലം ഏറ്റെടുക്കുന്നതിനുമുൻപേ നിർമാണത്തിന് വിട്ടുനൽകാൻ ഭൂവുടമ തയ്യാറാണെന്നാണ് എനിക്ക് ലഭിച്ചവിവരം.
പുതിയ അലൈൻമെന്റിൽ നിർമിക്കുമ്പോൾ എന്താണ് ഗുണം,വിശ്വാസം വ്രണപ്പെടില്ല. കേളപ്പന്റെ സ്മാരകങ്ങൾ ഇല്ലാതാവില്ല. ഇതിനേക്കാൾ മറ്റൊന്ന്, നിർമാണച്ചെലവ് കുറയുമെന്നതാണ്. 805 മീറ്ററാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അലൈൻമെന്റ് പ്രകാരം പാലത്തിന്റെ നീളം.തവനൂർ കടവിലേക്കാകുമ്പോൾ 752 മീറ്റർ വരും. ഏറ്റവും ഒടുവിൽ താൻ സമർപ്പിച്ച രൂപരേഖ പ്രകാരം 735 മീറ്റർ മാത്രമേ നീളം ആവശ്യമായി വരൂ. നിലവിലുള്ളതിനേക്കാൾ 70 മീറ്റർ കുറയും. അതുകൊണ്ടുതന്നെ നിർമാണത്തിൽ നാലുകോടിയോളം രൂപ ലാഭിക്കാനാകും.
പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് എന്താണഭിപ്രായംപാലം നിർമാണത്തിനുപയോഗിക്കുന്ന യു.എച്ച്.പി.എഫ്.ആർ.സി. സാങ്കേതികവിദ്യ പുതിയതല്ല. പഴയതാണ്. ഇവിടെ ആദ്യമായിട്ടാണ് പരീക്ഷിക്കുന്നതെന്നുമാത്രം. ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ല, അതുകൊണ്ടുതന്നെ കൂടുതൽ ഉറപ്പുള്ളതാണോ തുടങ്ങിയ കാര്യങ്ങൾ പറയാനാകില്ല.