എടപ്പാൾ : ജില്ലാ അതിർത്തിയിൽ എടപ്പാൾ-പട്ടാമ്പി റോഡിലെ നീലിയാട് കൊടുംവളവിലെ റോഡരികിൽ പഴയ വാഹനങ്ങൾ കൊണ്ടിടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും അവയ്ക്കുചുറ്റുമുള്ള കാടും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും സമൂഹവിരുദ്ധരുടെയും കേന്ദ്രമാകുന്നതായാണ് പരാതി.സമീപത്തുള്ള പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സ്ഥാപനത്തിലേക്ക് എത്തിക്കുന്നവയാണ് ഇവയിൽ ഭൂരിഭാഗവും. റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടതോടെ മറ്റു വാഹനങ്ങൾക്ക് വശം കൊടുക്കാനോ യാത്രക്കാർക്ക് റോഡിൽനിന്നിറങ്ങി നടക്കാനോ പറ്റാത്ത അവസ്ഥയാണ്.