പൊന്നാനി : പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു. സംഭവത്തിൽ ഡോക്ടർ പൊലീസിൽ പരാതി നൽകി.
ജൂനിയർ ഡോക്ടറെയാണ് ഭീഷണിപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. യുവാവ് ലഹരി പദാർഥത്തിനടിമയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്ന് ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.