എടപ്പാൾ : മാതൃശിശു കേന്ദ്രത്തിനായി എടപ്പാൾ സി.എച്ച്.സിയിൽ ഒരു കോടി രൂപ ചെലവിൽ പണിത കെട്ടിടം വെറുതേകിടന്ന് നശിക്കാതിരിക്കാനായി ആരംഭിച്ച കമ്യൂണിറ്റി ബേസ് ഇന്റർവെൻഷൻ സെന്റർ (സി.ബി.ഐ.സി.) നാടിനുതന്നെ മാതൃകയായി മാറുന്നു. എടപ്പാളിൽ മാതൃശിശു കേന്ദ്രമൊരുക്കാൻ സർക്കാരിന് സംവിധാനമില്ലെന്ന തീരുമാനം വന്നതോടെയാണ് കെട്ടിടവും സൗകര്യവും ഉദ്ഘാടനം കഴിഞ്ഞതോടെ അടച്ചിടേണ്ടി വന്നത്.വർഷങ്ങളോളം അടച്ചിട്ട കെട്ടിടം കോവിഡ്‌കാലത്ത് കുത്തിവെപ്പ് കേന്ദ്രമായെങ്കിലും വീണ്ടും അടച്ചു.
കെട്ടിടം വെറുതേകിടന്ന് നശിക്കുന്ന അവസ്ഥ അവസാനിപ്പിക്കാനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ മുൻകൈയെടുത്താണ് ഇവിടെ സി.ബി.ഐ.സി. സെന്റർ പ്രാവർത്തികമാക്കിയത്. ശാരീരിക-മാനസിക വൈകല്യങ്ങളുമായി രക്ഷിതാക്കൾക്ക് വേദനമാത്രം സമ്മാനിച്ചു ജീവിക്കുന്ന ഒരുപിടി ജീവിതങ്ങളുടെ പുനരുജ്ജീവനത്തിനാണ് ഈ തീരുമാനം വഴിവെച്ചത്. ജില്ലയിലേയും അയൽ ജില്ലകളിലെയും 350-ഓളം പേരാണ് ഇവിടെ ഇപ്പോൾ ചികിത്സതേടിയെത്തുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിൽ വലിയ തുക നൽകിമാത്രം ലഭിച്ചിരുന്ന വിവിധ തെറാപ്പികൾ ഇവിടെ സൗജന്യമായാണ് നൽകുന്നത്. പ്രതിവർഷം 65,000 കുട്ടികൾക്കാണ് സ്ഥാപനം ആശ്വാസമേകുന്നത്. സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഇത്തരമൊരു കേന്ദ്രം സ്ഥാപിച്ച ഏകസ്ഥലം എടപ്പാളാണെന്ന് പ്രസിഡന്റ് പറയുന്നു. മലപ്പുറം തിരൂരങ്ങാടിയിൽ ആരോഗ്യവകുപ്പ് നടത്തുന്ന ഒരു സി.ഡി.എൽ.സി. സെന്റർ മാത്രമാണ് വേറെയുള്ളത്. രണ്ടു വർഷംകൊണ്ട് 56.46 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഇവിടേക്കായി ചെലവഴിച്ചത്. ഓരോ ദിവസവും വിവിധ ചികിത്സകൾക്കായി സൈക്കോളജിസ്റ്റ്, ഒക്കുപ്പേഷൽ, സ്പീച്ച്, ഫിസിയോ, സ്പെഷൽ എജുക്കേഷൻ തെറാപ്പിസ്റ്റുകൾ എന്നിങ്ങനെ അഞ്ചു സ്പെഷ്യലിസ്റ്റുകൾ ഇവിടെയെത്തി സേവനം നൽകുന്നു. ചികിത്സ ആരംഭിച്ച് മാസങ്ങൾക്കകംതന്നെ വലിയ മാറ്റം കുട്ടികളിൽ കണ്ടതോടെയാണ് നാടിനും പ്രദേശത്തിനാകെയും അഭിമാനവും ആശ്വാസവുമായി ഈ സ്ഥാപനം മാറിയത്.മാനസികാരോഗ്യ വിദ്യാഭ്യാസം, സൈക്കോതെറാപ്പി, കൗൺസലിങ്, പെരുമാറ്റ പരിഷ്കരണം, ഇന്റലിജന്റ് ക്വാഷ്യന്റ് (ഐ.ക്യു) നിർണയം, സ്പീച്ച് ആൻഡ് ലാംഗ്വേജ് വൈകല്യ നിർണയവും തെറാപ്പിയും, വോയ്‌സ് തെറാപ്പി, ഫ്ളുവൻസി തെറാപ്പി, ഫിസിയോ തെറാപ്പി.