എടപ്പാൾ : കെട്ടിടങ്ങൾക്കു മുന്നിലെ മരങ്ങൾ കാഴ്ച മറക്കുന്നതൊഴിവാക്കാൻ ഉണക്കി മുറിപ്പിക്കുന്നവർക്കിടയിൽ സ്വന്തം കടയ്ക്കുമുന്നിലെ തണൽമരം തറകെട്ടി സംരക്ഷിച്ച് വ്യാപാരി.എടപ്പാൾ പട്ടാമ്പി റോഡിലാണ് കൂറ്റൻ ഇരുമ്പക മരത്തിന് പതിനായിരങ്ങൾ ചെലവഴിച്ച് മനോഹരമായ തറകെട്ടി സംരക്ഷിച്ച് അമ്മ ലോട്ടറി ഏജൻസി ഉടമയായ എൻ. വാസുദേവൻ മാതൃകയായത്. ടൗൺ മുതൽ പട്ടാമ്പി റോഡിൽ വട്ടംകുളം താഴത്തങ്ങാടി വരെ നിരനിരയായി ഇരുമ്പക മരങ്ങളായിരുന്നു.
നാടെങ്ങും കടുത്ത ചൂടിലമരുമ്പോഴും ഈ റോഡിലൂടെയുള്ള യാത്ര കുളിർമയുള്ളതായിരുന്നു. ടൗൺ വളർന്നതോടെ റോഡിനിരുവശവും വലിയ കെട്ടിടസമുച്ചയങ്ങൾ വന്നു. പലർക്കും മുന്നിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ കാഴ്ച മറക്കുന്നതായി. ചൂടുവെള്ളമൊഴിച്ചും കടയിൽ തീയിട്ട് കത്തിച്ചും രാസദ്രാവകങ്ങളുപയോഗിച്ചും പലരും മെല്ലെമെല്ലെ പല മരങ്ങളെയും ദയാവധത്തിന് വിധേയമാക്കി. ഉണങ്ങിയ മരങ്ങൾ ജനങ്ങൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയാണെന്ന് വരുത്തിയതോടെ അവ മുറിപ്പിച്ചുമാറ്റി. മരംനിന്ന ഇടങ്ങൾ കെട്ടിടങ്ങളുടെ പാർക്കിങ് ഏരിയകളായി. ഇതായിരുന്നു ഈ റോഡിലെ സ്ഥിരംകാഴ്ച. ഇതിനിടയിലാണ് ഡോക്ടേഴ്‌സ് കോളനി റോഡിനു മുന്നിലെ കടമുറി ലോട്ടറി ഏജൻസിക്കായി വെങ്ങിനിക്കരയിലെ എൻ. വാസുദേവൻ വാടകയ്ക്കെടുത്തത്. മുറി ഒരുക്കുന്നതിനിടയിൽ അദ്ദേഹം കടയ്ക്കുമുന്നിലെ മരത്തിന് നാട്ടുകാരനും കലാകാരനുമായ സുനിലിനെ വരുത്തി മനോഹരമായ തറകെട്ടി സംരക്ഷിച്ചു. മഴ മാറാത്തതിനാൽ പെയിന്റിങ് ജോലി മാറ്റിവെച്ചിരിക്കുകയാണ്. തനിക്കും വരുന്നവർക്കും തണലേകുന്ന മരത്തെ കൊന്നാൽ പിന്നീട് ഈ ജന്മത്തിൽ ഇത്തരമൊരു മരം വെച്ചുപിടിപ്പിക്കാനാവില്ലെന്ന തിരിച്ചറിവുണ്ടെന്നും ഇദ്ദേഹം പറയുന്നു.