തിരൂർ : ബദാം മരങ്ങൾ തണൽ വിരിക്കുന്ന പറവണ്ണയിലെ ബദാം ബീച്ച് ഇനി ഹരിത ടൂറിസം ബീച്ച്. തിരൂർ ബ്ലോക്ക് പഞ്ചായത്തും വെട്ടം പഞ്ചായത്തും ശുചിത്വമിഷനും ചേർന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സായാഹ്നങ്ങളിൽ കടലിന്റെയും അസ്തമയ സൂര്യന്റെയും ഭംഗി ആസ്വദിക്കാൻ ഇവിടെ കുടുംബത്തോടെ ഒട്ടേറെ പേരാണ് എത്താറുള്ളത്. കാറ്റാടിമരങ്ങൾ നിറഞ്ഞു നിൽക്കുന്ന മറ്റു ബീച്ചുകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തണൽ നൽകുന്നത് ബദാം മരങ്ങളാണ്. ഇതുകൊണ്ടു തന്നെ ബദാം ബീച്ചെന്ന പേരും ലഭിച്ചു. ധാരാളം പേർ ഇവിടെ എത്താറുണ്ടെങ്കിലും കാര്യമായ സൗകര്യങ്ങളൊന്നുമില്ല. വെട്ടം പഞ്ചായത്ത് സ്ഥാപിച്ച ഏതാനും ഇരിപ്പിടങ്ങൾ മാത്രമാണുള്ളത്. കടൽ കാണാനെത്തുന്നവർ മണലിലാണ് ഇരിക്കുന്നത്. അടുത്തുള്ള പടിഞ്ഞാറേക്കര ടൂറിസം ബീച്ചു പോലെ തന്നെ കാണാൻ മനോഹരവും വലിയ വിസ്താരമുള്ളതുമാണ് ബദാം ബീച്ച്. റമസാൻ കാലത്ത് ഇവിടെ കടലോരത്തിരുന്ന് നോമ്പു തുറക്കാൻ ധാരാളം കുടുംബങ്ങളെത്താറുണ്ട്.

ബദാം ബീച്ചിൽ വികസനമെത്തിക്കണമെന്ന വിനോദ സഞ്ചാരികളുടെ ആവശ്യം ‘മനോരമ’ വാർത്തയായി നൽകിയിരുന്നു.മാലിന്യം തീരെയില്ലാതെ ബീച്ചിനെ സൂക്ഷിക്കാനുള്ള നടപടികളാണ് ഹരിത ബീച്ച് പ്രഖ്യാപനത്തിലൂടെ ആദ്യം നടത്തുന്നത്. മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയൊരുക്കും. കൂടുതൽ ഇരിപ്പിടങ്ങളും സോളർ ലൈറ്റുകളും സ്ഥാപിക്കും. ശുചിമുറി കോംപ്ലക്സും ഇവിടെ പണിയും. ഇനി സുരക്ഷയൊരുക്കുക കൂടി ചെയ്താൽ ബദാം ബീച്ചിൽ കൂടുതൽ സഞ്ചാരികളെത്തും. അതിനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി നടത്തും.പ്രഖ്യാപന സമ്മേളനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി ആധ്യക്ഷ്യം വഹിച്ചു.പ്രീത പുളിക്കൽ, രജനി മുല്ലയിൽ, ടി.ഇസ്മായിൽ, വി.തങ്കമണി, പി.പി.നാസർ, കെ.ഉസ്മാൻ, ടി.റിയാസ് ബാബു, പി.ആയിഷ, കെ.ഇർഫാന എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *