കുറ്റിപ്പുറം : ദേശീയപാതയെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന മേൽപാലം നിർമാണം അവസാന ഘട്ടത്തിലേക്കു കടന്നു. കുറ്റിപ്പുറം മിനിപമ്പയിലാണ് ആറുവരിപ്പാതയ്ക്കു മുകളിൽ മേൽപാലം നിർമിക്കുന്നത്. പുതിയ ദേശീയപാതയ്ക്കു മുകളിലൂടെയുള്ള ജില്ലയിലെ ഏക മേൽപാലമാണിത്. എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്കു മേൽപാലം വഴി എടപ്പാൾ സംസ്ഥാന പാതയിലേക്കു പ്രവേശിക്കാം.
ഇതിനു പുറമേ വെള്ളാഞ്ചേരി, കടകശ്ശേരി തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്കു സർവീസ് റോഡ് വഴി മേൽപാലത്തിലേക്കു കയറാം. അതേസമയം പാലത്തിൽ ഒരുവശത്തേക്കു മാത്രമേ ഗതാഗതസൗകര്യമുണ്ടാകൂവെന്നു സൂചനയുണ്ട്. മേൽപാലത്തിനു വീതി കുറവാണ്. അപ്രോച്ച് റോഡുകളുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2025 മാർച്ചോടെ പുതിയ പാതയുടെ നിർമാണം പൂർത്തിയാകും.