പൊന്നാനി : എം.ഇ.എസ്. പൊന്നാനി കോളേജ് യുഡി.എസ്.എഫ്. പിടിച്ചെടുക്കുന്നത് 20 വർഷത്തിനുശേഷം. രണ്ടുപതിറ്റാണ്ടായി എസ്.എഫ്.ഐ. തുടരുന്ന തേരോട്ടത്തിനാണ് യു.ഡി.എസ്.എഫ്. തടയിട്ടത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഒൻപത് ജനറൽ സീറ്റിൽ ഒൻപതും യു.ഡി.എസ്.എഫ്. നേടി. 13 അസോസിയേഷൻ സീറ്റുകളിൽ എട്ടു സീറ്റ് യു.ഡി.എസ്.എഫിനും അഞ്ചു സീറ്റ് എസ്.എഫ്.ഐ.യ്ക്കും ലഭിച്ചു.
പ്രസിഡൻഷ്യൽ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ 80 ക്ലാസുകളിൽ യു.ഡി.എസ്.എഫ്. 43 സീറ്റും എസ്.എഫ്.ഐ. 37 സീറ്റും നേടി. വൈകീട്ട് ഏഴുവരെ വോട്ടണ്ണൽ നീണ്ടു. ജനറൽ സീറ്റിൽ മുഴുവൻ യു.ഡി.എസ്.എഫ്. ജയിക്കുന്നത് വർഷങ്ങൾക്കുശേഷമാണ്. കെ.എസ്.യു., എം.എസ്.എഫ്. സഖ്യം യൂണിയൻ നേടിയിരുന്ന കാലത്തും മുഴുവൻ സീറ്റിലും ജയിക്കാനായിരുന്നില്ല.ജനറൽ സീറ്റുകളിലേക്ക് മുഹമ്മദ് സുഹൈൽ (ചെയ.), റിസ മെഹറിൻ (വൈസ് ചെയ.), മുഹമ്മദ് ഫത്തഹുള്ള (ജന. സെക്ര.), ഹംദിയ അബ്ദുൾഹമീദ് (ജോ. സെക്ര.), ആരതി പ്രദീപ്, കെ.പി. അബ്ദുൾ വാജിദ് (യു.യു.സി.), സി.പി. മുഹമ്മദ് മിസ്ഹബ് (ഫൈൻ ആർട്‌സ് സെക്ര.), കെ. മുഹമ്മദ് സഫീർ (സ്റ്റുഡന്റ് എഡിറ്റർ), മുഹമ്മദ് സഹൽ (ജനറൽ ക്യാപ്റ്റൻ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.വിജയത്തെത്തുടർന്ന് യു.ഡി.എസ്.എഫ്. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.