പട്ടാമ്പി: പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്ത് ഭ്രാന്തൻെറ ദുർഗ്ഗാദേവി ദർശന സ്മരണ പുതുക്കുന്ന രായിരനെല്ലൂർ മലകയറ്റം നാളെ. തുലാം 1ന് ഭ്രാന്തന് മുന്നിൽ ദുർഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടെന്ന ഐതിഹ്യത്തിൽ മലയിൽ കയറാൻ ആയിരങ്ങൾ ഒഴുകിയെത്തും.
ചെത്തല്ലൂർ തൂതപ്പുഴയോരത്തു ജനിച്ചു വീണ ഭ്രാന്തനെ നാരായണമംഗലത്ത് ഭട്ടതിരിമാരാണ് എടുത്തു വളർത്തിയത്. ഇവർ വേദപഠനത്തിന് തിരുവേഗപ്പുറയിലെത്തിച്ചെന്നും പഠന കാലത്ത് മലയുടെ മുകളിലേക്ക് വലിയ കല്ലുരുട്ടിക്കയറ്റി താഴേക്ക് തട്ടിയിട്ട് ആർത്തു ചിരിക്കുന്നത് നാറാണത്തു ഭ്രാന്തൻെറ പതിവായിരുന്നുവെന്നും അങ്ങനെയൊരു ദിവസം മലമുകളിലെത്തിയ ഭ്രാന്തനു മുന്നിൽ ദുർഗ്ഗാദേവി പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം.
മലമുകളിലെ ആൽ മരത്തിലെ പൊന്നൂഞ്ഞാലിലാടുകയായിരുന്ന ദുർഗ്ഗാ ദേവി ഭ്രാന്തൻെറ പ്രാകൃതരൂപത്തിൽ ഭയചകിതയായി താഴെയിറങ്ങി ഏഴടി വെച്ച് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയെന്നും പാദം പതിഞ്ഞ പാറയിൽ ഏഴു കുഴികളുണ്ടായെന്നും അതിലൊന്നിൽ പൂവും കനിയും വെച്ച് ഭ്രാന്തൻ പൂജ ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തിയെന്നും വിശ്വസിക്കപ്പെടുന്നു. വിവരമറിഞ്ഞെത്തിയ ഭട്ടതിരിമാർ കുടുംബൈശ്വര്യത്തിനായി മലമുകളിൽ ക്ഷേത്രം പണിത് പൂജ തുടർന്നെന്നാണ് കരുതുന്നത്.
കുഴികളിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. കുഴിയിലെ വറ്റാത്ത ഉറവയിൽ നിന്നെടുക്കുന്ന ജലം തീർത്ഥമായും നൽകുന്നു. മലമുകളിലെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി ഭ്രാന്തൻെറ കൂറ്റൻ ശിൽപത്തെ വലംവെച്ച് വണങ്ങി വിവിധ വഴിപാടുകളും കഴിച്ചാണ് ഭക്തർ മലയിറങ്ങുന്നത്. മലയുടെ അടിവാരത്തുള്ള ദുർഗ്ഗാക്ഷേത്രത്തിലും മലയ്ക്ക് പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും മലകയറ്റത്തോടനുബന്ധിച്ച് പ്രത്യേക പൂജയുണ്ട്. ഭ്രാന്താചലത്തിലെ പ്രതിഷ്‌ഠാദിനാഘോഷവും തുലാം 1നാണ്. ഇവിടെ ഭ്രാന്തൻ തപസ്സനുഷ്ഠിച്ച് ഒരിക്കൽ കൂടി ദുർഗ്ഗദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നും വിശ്വാസമുണ്ട്. തപസ്സു ചെയ്ത പീഠവും കെട്ടിയിട്ടെന്ന് കരുതുന്ന കാഞ്ഞിരമരവും മരത്തിലെ വലിയ ഇരുമ്പു ചങ്ങലയുമൊക്കെ ഭക്തരെ മാത്രമല്ല ചരിത്രാന്വേഷകരെയും ഉൽസുകരാക്കുന്നതാണ്. ആമയൂർ മന മധു ഭട്ടതിരിപ്പാടിൻെറ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് മലയിൽ പൂജാദി കർമ്മങ്ങൾ നടത്തുന്നത്. കൊപ്പം-വളാഞ്ചേരി പാതയിൽ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് മല കയറുന്നത്.