പൊന്നാനി : കുണ്ടുകടവ് പാലം നിർമാണത്തിനായി നിർത്തിവെച്ച ഗതാഗതം പറഞ്ഞ തീയതിക്കുമുൻപ് പുനരാരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ.പാലത്തിന്‍റെ നിർമാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. റീട്ടെയിനിങ് വാൾ നിർമാണത്തിന് റോഡിന്‍റെ ഒരുഭാഗം പൊളിക്കേണ്ട സാഹചര്യത്തിലാണ് കഴിഞ്ഞമാസം 24 മുതൽ ഒരുമാസത്തേക്ക് ഗതാഗതം നിർത്തിവെച്ചത്. ഗാതാഗതം നിരോധിച്ചതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വളരെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്.
എട്ട് മീറ്റർ ആഴത്തിലും 30 മീറ്റർ നീളത്തിലുമാണ് റീട്ടെയിനിങ് വാൾ നിർമിക്കുന്നത്. പാലം നിർമാണം അവസാന ഘട്ടത്തിലാണ്. ഫെബ്രുവരിയോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നബാർഡിന്റെ സഹായത്തോടെ 29.3 കോടി ചെലവിലാണ് നിർമാണം.പൊന്നാനി-ആൽത്തറ ഗുരുവായൂർ റോഡുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന് ഏഴര മീറ്റർ വീതിയിൽ രണ്ടുവരി പാതയും ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയുമുണ്ടാകും. സി.പി.എം. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന എന്നിവരും എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.