പൊന്നാനി : സ്വകാര്യ പങ്കാളിത്തത്തോടെ പൊന്നാനി തുറമുഖം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നു. പി. നന്ദകുമാർ എം.എൽ.എ.യുടെ നേതൃത്വത്തിൽ പദ്ധതി ഉന്നതോദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി.കഴിഞ്ഞമാസം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തുചേർന്ന യോഗത്തിലാണ് സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിന് സർക്കാർ അംഗീകാരം ലഭിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്.
ചരക്കുനീക്കവും ടൂറിസം സാധ്യതയും മുന്നിൽക്കണ്ട് കപ്പൽ ടെർമിനൽ നിർമിക്കുന്നതിനും നടത്തിപ്പിനും സ്വകാര്യ കമ്പനിക്ക് ചുമതല ഏൽപ്പിക്കാനാണ് തീരുമാനം. ലാഭകരമായി നടപ്പാക്കാവുന്ന പദ്ധതിയെക്കുറിച്ച് വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കും. അതിനുശേഷം താത്പര്യപത്രം ക്ഷണിക്കുകയും ഇൻവെസ്റ്റ്‌മെന്റ് മീറ്റ് നടത്തുകയും ചെയ്യും. തുടർന്നായിരിക്കും ടെൻഡർ നടപടികൾ ആരംഭിക്കുക.സ്വകാര്യ പങ്കാളിത്തതോടെയുള്ള തുറമുഖനിർമാണ പദ്ധതിക്കായി നേരത്തേ പ്രൊപ്പോസൽ ഉണ്ടായിരുന്നതിനാൽ തടസ്സങ്ങളില്ലാതെ പ്രവർത്തനവുമായി മുന്നോട്ട് പോകാനാവുമെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു.
പൊന്നാനി തുറമുഖത്ത് കപ്പൽ ടെർമിനൽ നിർമിക്കുന്നതിന് മാരിടൈം ബോർഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ നിർമാണ നടത്തിപ്പ് ചുമതലകളുമായി ബന്ധപ്പെട്ടുള്ള രൂപരേഖയുണ്ടാക്കുക. തുറമുഖനിർമാണത്തിനായി സ്വകാര്യ കമ്പനിക്ക് പൊന്നാനി കടൽത്തീരം വിട്ടുനൽകുകയും നടത്തിപ്പ് ചുമതല ഉൾപ്പെടെ നൽകിക്കൊണ്ടുള്ള കരാർ ഉറപ്പിക്കാനുമാണ് നീക്കം.താത്പര്യവുമായി നിക്ഷേപകർ പലരും ഇതിനോടകംതന്നെ രംഗത്തുവന്നിട്ടുണ്ടെന്നാണ് വിവരം.വാണിജ്യതുറമുഖ നിർമാണത്തനായി നേരത്തേ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരുന്നെങ്കിലും പദ്ധതി പാതി വഴിപോലുമെത്താതെ മുടങ്ങിപ്പോയ സാഹചര്യമുണ്ടായിരുന്നു. എന്നാൽ, അതിവേഗം നടപ്പാക്കാൻ കഴിയുന്നതും കുറഞ്ഞചെലവിൽ ലാഭകരമായി നിർമിക്കാൻ കഴിയുന്നതുമായ പദ്ധതിയാണ് ഇപ്പോൾ ആലോചിക്കുന്നത്.
മാരിടൈം ബോർഡ് സി.ഇ.ഒ. ഷൈൻ എസ്. ഹക്ക്, പോർട്ട് വകുപ്പ് ക്യാപ്റ്റൻ ഹരി അച്യുതവാര്യർ, ക്യാപ്റ്റൻ അശ്വനി പ്രതാപ്, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി, ഉത്തര മേഖലാ സൂപ്രണ്ടിങ് എൻജിനീയർ വിജി കെ. തട്ടാംപുറം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപ്പുറം എന്നിവരാണ് എം.എൽ.എ.യ്ക്കൊപ്പം പദ്ധതിസ്ഥലം സന്ദർശിച്ചത്.