കൊല്ലം ∙ പ്രശസ്ത ചലച്ചിത്ര താരം കുണ്ടറ ജോണി (70) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹബാധിതനായതിനെത്തുടർന്ന് കുറച്ചു കാലമായി പൊതുപരിപാടികളിൽ സജീവമായിരുന്നില്ല.

സഹോദരൻ അലക്സ് രണ്ടാഴ്ച മുൻപാണ് മരിച്ചത്. 24ന് മരണാനന്തര ചടങ്ങുകൾക്കായി ബന്ധുക്കളെ വിളിക്കുന്ന തിരക്കിലായിരുന്നു. കാറിൽ യാത്ര ചെയ്യുന്നതിനിടെ കൊല്ലം ചിന്നക്കടയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്.

കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ ഹിന്ദി വിഭാഗം മേധാവിയായിരുന്ന ഡോ. സ്റ്റെല്ല സേവ്യർ ആണു ഭാര്യ. മക്കൾ: ആഷിമ ജെ.കാതറിൻ (ഗവേഷണ വിദ്യാർഥി), ചലച്ചിത്രനടൻ ആരവ് (അസ്റ്റിജ് ജോണി).

കുണ്ടറ കാഞ്ഞിരകോട് കുറ്റിപ്പുറം വീട്ടിൽ ജോണി ജോസഫ് സിനിമാ രംഗത്തെത്തിയതോടെ കുണ്ടറ ജോണി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. 1979ൽ 23–ാം വയസ്സിൽ നിത്യ വസന്തം എന്ന സിനിമയിലൂടെയാണ് രംഗത്തെത്തുന്നത്.

നാടോടിക്കാറ്റ്, കിരീടം, ചെങ്കോൽ, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഭരത്ചന്ദ്രൻ ഐപി എസ്, ദേവാസുരം തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ വില്ലൻ വേഷത്തിലും സ്വഭാവനടനായും തിളങ്ങി. ചില സീരിയലുകളിലും വേഷമിട്ടു. മേപ്പടിയാൻ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *