പൊന്നാനി : നഗരസഭാ പ്രദേശം മാലിന്യമുക്തവും സുന്ദരവുമാക്കി മാറ്റുന്നതിനുള്ള കർമപദ്ധതിയുടെ ഭാഗമായി തെരുവിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടാൻ എൻഫോഴ്‌സ്‌മെന്റ് ടീമിനെ നിയോഗിച്ച് നഗരസഭ.പൊന്നാനി ബീച്ച്, തുറമുഖ പ്രദേശം, ഫിഷറീസ് പഴയ ഐസ് ഫാക്ടറി പ്രദേശം, ഹാർബർ, മരക്കടവ്, കനോലി കനാൽ, ഭാരതപ്പുഴ, നിളയോരപാത ഉൾപ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ പരിശോധനയുണ്ടാകും. പോലീസ്, പോർട്ട്, ഹാർബർ, കോസ്റ്റൽ പോലീസ്, ഇറിഗേഷൻ, ഫിഷറീസ്, നഗരസഭ ഉദ്യോഗസ്ഥരടങ്ങുന്നതാണ് ഗ്രീൻ എൻഫോഴ്‌സ്‌മെന്റ് ടീം.

നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം വിളിച്ചുചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ടീം രൂപവത്കരിച്ച് കർശന പരിശോധന നടത്താൻ തീരുമാനിച്ചത്. പ്ലാസ്റ്റിക് കവറുകളിലാക്കി വീടുകളിൽനിന്നുള്ള ജൈവമാലിന്യവും അറവുമാലിന്യങ്ങളും തള്ളി പൊതുഇടങ്ങളും ജലാശയങ്ങളും ദുർഗന്ധപൂരിതമാകുന്ന സാഹചര്യത്തിലാണ് രാത്രികാല പട്രോളിങ് ഉൾപ്പെടെ കർശന നടപടികൾക്ക് നഗരസഭ തയ്യാറെടുക്കുന്നത്.ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് മുഴുവൻ വീടുകളിലും സൗജന്യമായി റിങ് കമ്പോസ്റ്റ്, സൗജന്യനിരക്കിൽ ബയോബിൻ, ബയോഗ്യാസ് പ്ലാന്റ് എന്നിവ നഗരസഭ നൽകുന്നുണ്ട്. എന്നിട്ടും മാലിന്യം വലിച്ചെറിയുന്നത് തുടരുന്ന സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് കടക്കുന്നത്.

അതോടൊപ്പം ഹാർബർ, പോർട്ട്, ഫിഷറീസ്, ഇറിഗേഷൻ വകുപ്പുകളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ മാലിന്യംതള്ളുന്നത് തടയുന്നതിനുള്ള നടപടികൾ വകുപ്പുതലത്തിൽ സ്വീകരിക്കാനും തീരുമാനിച്ചു. നിരവധി പ്രാദേശിക സഞ്ചാരികൾ എത്തുന്ന പൊന്നാനി ബീച്ച്, നിളയോര പാത ഉൾപ്പെടെയുള്ള പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. പിടികൂടുന്നവരുടെ പേരിൽ കർശന നിയമനടപടികളും കനത്തപിഴയും ഈടാക്കും.യോഗത്തിൽ നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ, സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ സൈഫു, സീനത്ത്, പോലീസ് എസ്.ഐ. ടി.എം. വിനോദ്, മൈനർ ഇറിഗേഷൻ അസി.എൻജി. ടി.പി. സുബിത, ഓവർസിയർ രാധ, ഹാർബർ എൻജിനീയറിങ്ങ് ഓവർസിയർ ബിജയ് ജേക്കബ്, പോർട്ട് അസി. കൺസർവേറ്റർ ടി. മുരളി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അമൃത ഗോപൻ, കോസ്റ്റൽ പോലീസ് എ.എസ്.ഐ. നാരായണൻ, മേജർ ഇറിഗേഷൻ അസി എൻജിനീയർ മുഹമ്മദ് മുനീർ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *