എടപ്പാൾ : നിർമാണം പാതിവഴിയിൽ നിലച്ച കോലൊളമ്പ് ഒളമ്പക്കടവ് പാലത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കായി 31.12 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുമതിയായതായി കെ.ടി.ജലീൽ എംഎൽഎ അറിയിച്ചു. എടപ്പാൾ പഞ്ചായത്തിനെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 607 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് 43.94 കോടി രൂപയാണ് അടങ്കൽ തുക. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പൈലിങ് നടത്തി പില്ലറുകൾ സ്ഥാപിച്ചെങ്കിലും മറ്റു ജോലികൾ നിലച്ചു.
12.82 കോടി രൂപയാണ് ഒന്നാം ഘട്ടത്തിനായി ചെലവിട്ടത്. പാലത്തിന്റെ സൂപ്പർ സ്ട്രെക്ചർ ജോലികളും ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണവുമാണ് രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കാനുള്ളത്. 96 ഗർഡറുകൾ, ഡെക്ക് സ്ലാബ്, ഇരുവശത്തും കൈവരികളോടു കൂടിയ നടപ്പാതകൾ, ടാറിങ് ജോലികൾ തുടങ്ങിയവയുമുണ്ട്.
അപ്രോച്ച് റോഡുകൾ പാലത്തിന്റെ അതേ വീതിയിൽ തന്നെ നിർമിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.