പൊന്നാനി : വെറും വാക്കല്ല, കണക്കുകൾ നിരത്തിയാണ് മാലിന്യത്തിനെതിരെയുള്ള നഗരസഭയുടെ പടയൊരുക്കം. ഒരു ദിവസം പൊന്നനായിൽ സൃഷ്ടിക്കപ്പെടുന്നത് 43 ടൺ മാലിന്യമാണെന്നാണ് കണക്ക്. ഇതിൽ 28 ടൺ ജൈവമാലിന്യം, 10 ടൺ അജൈവ മാലിന്യം, ബാക്കി 5 ടൺ മാലിന്യമാണ് പ്രധാന വെല്ലുവിളി. സാനിറ്ററി, ബയോ മെഡിക്കൽ മാലിന്യം, ഇലക്ട്രോണിക്സ് മാലിന്യം എന്നിവയാണ് ഇൗ 5 ടണ്ണിൽ ഉൾപ്പെടുന്നത്. ജൈവ മാലിന്യത്തിനും പ്ലാസ്റ്റിക് മാലിന്യത്തിനും മാതൃക തീർത്ത് നഗരസഭ മുന്നേറിയെങ്കിൽ അവശേഷിക്കുന്ന 5 ടൺ മാലിന്യം വമ്പൻ സാധ്യതയാക്കാനൊരുങ്ങുകയാണ് നഗരസഭ.
അത്യാധുനിക സംവിധാനങ്ങളോടെ 2 ഏക്കർ ഭൂമിയിൽ ബയോ പാർക്ക് തുടങ്ങും. മാലിന്യത്തിൽനിന്ന് പുതിയ ഉൽപന്നങ്ങളുണ്ടാക്കുകയാണ് ലക്ഷ്യം. കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് എന്ന കാഴ്ചപ്പാടിനെ ദൂരെക്കളഞ്ഞാണ് നഗരസഭ പ്രതീക്ഷ നൽകുന്നത്. ഇലക്ട്രോണിക്സ് മാലിന്യങ്ങൾ തരംതിരിച്ചെടുത്ത് അവ പുതിയ ഉൽപന്നങ്ങളാക്കുന്നതിന് ബയോ പാർക്കിൽ സംവിധാനമൊരുക്കും.വിൽപനയ്ക്ക് യോജ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യം യന്ത്ര സഹായത്തോടെ ഉടച്ചെടുത്ത് പ്ലാസ്റ്റിക് ഉൽപന്നങ്ങളുണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുവാക്കി മാറ്റും. ഇത്തരം ഉൽപന്നങ്ങൾ വലിയ വാണിജ്യ സാധ്യതകളിലേക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഫിഷിങ് ഹാർബർ പ്രദേശത്ത് ബയോ പാർക്കിനുള്ള സ്ഥലം നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമായാലുടൻ പദ്ധതി തുടങ്ങാൻ കഴിയും. ഇതിനുള്ള ഫണ്ടും ലഭ്യമാണ്.
മാലിന്യം വലിയ സാധ്യതയാക്കി പ്രയോജനപ്പെടുത്താനുള്ള കഠിനാധ്വാനമാണ് നഗരസഭ നടത്തുന്നത്. ജൈവ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്കായി ശ്രമങ്ങൾ തുടങ്ങി. കെഎസ്ഡബ്ല്യുഎംപി (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം) പദ്ധതിക്കുള്ള തുക ലഭ്യമാക്കിയിട്ടുണ്ട്. പൊന്നാനിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന രണ്ട് പദ്ധതികളും മാലിന്യത്തിൽനിന്ന് പിറവിയെടുക്കുന്നതാണ്. പൊന്നിനൊപ്പം പൊന്നാനിയിലെ മാലിന്യത്തിന്റെ മൂല്യം മാറുന്ന കാലം വരുമെന്നാണ് പദ്ധതി വിഭാവനം ചെയ്ത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ജൈവമാലിന്യം അതിവേഗം സംസ്കരിക്കുന്ന ബിഎസ്എഫ് പ്ലാന്റും ഉടൻ പൊന്നാനിയിൽ യാഥാർഥ്യമാകും. ബ്ലാക്ക് സോൾജ്യർ ഫ്ലൈ ഇനത്തിലുള്ള പുഴുക്കളെ ഉപയോഗിച്ച് അതിവേഗം ജൈവമാലിന്യം സംസ്കരിക്കുന്ന സംവിധാനമാണിത്. 15 മുതൽ 30 ദിവസത്തിനകം സംസ്കരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിഗമനം. പുഴുക്കളെ പിന്നീട് കോഴിത്തീറ്റയായും വളർത്തുമത്സ്യ തീറ്റയായും വിൽക്കാൻ കഴിയും. 2 ടൺ കപ്പാസിറ്റിയിലുള്ള യൂണിറ്റ് തുടങ്ങാനാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി ടെൻഡർ നടപടികളിലേക്കു കടന്നു.
നഗരസഭയിലെ ഹരിത കർമസേനയോട് നഗരസഭയിലെ മുഴുവൻ വ്യാപാരികളും സഹകരിക്കുന്നുണ്ട്. നഗരസഭയിൽ ആകെ സൃഷ്ടിക്കപ്പെടുന്ന ജൈവമാലിന്യത്തിൽ 25 ടൺ മാലിന്യവും വീടുകളിൽ നിന്നുള്ളതാണെന്നും 3 ടൺ മാലിന്യം കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്നുമാണ് കണക്ക്. കടകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യമാണ് ഹരിത കർമസേന ശേഖരിക്കുന്നത്. ബാക്കി ജൈവമാലിന്യം കൃത്യമായി സംസ്കരിക്കാൻ ചില കടക്കാർ തയാറാകത്തത് നഗരത്തെ വൃത്തിഹീനമാക്കാൻ കാരണമാകുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി പൊന്നാനിയിൽ കൂടുതൽ തുമ്പൂർമുഴി മോഡൽ പ്ലാന്റുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചു. വീടുകളിൽ സൃഷ്ടിക്കപ്പെടുന്ന ജൈവമാലിന്യം സംസ്കരിക്കുന്നതിന് ബയോ ബിന്നുകളും റിങ് കംബോസ്റ്റുകളും നൽകി വരികയാണ്. മാലിന്യം നിറഞ്ഞുകിടന്നിരുന്ന 20 കേന്ദ്രങ്ങളിൽ നഗരസഭ സ്നേഹാരാമങ്ങൾ നിർമിച്ചു. മാലിന്യ കേന്ദ്രങ്ങൾ ഇപ്പോൾ വിശ്രമകേന്ദ്രങ്ങളായി. സ്ഥിരമായി മാലിന്യം തള്ളിയിരുന്ന 8 സ്പോട്ടുകൾ നഗരസഭ കണ്ടെത്തി ഇതിൽ 6 എണ്ണവും വൃത്തിയാക്കി.
8921350734 – പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരുടെ വിവരങ്ങൾ നഗരസഭയുടെ ഇൗ വാട്സാപ് നമ്പറിലേക്കാണ് ഫോട്ടോ സഹിതം അയക്കേണ്ടത്. മാലിന്യം തള്ളുന്നയാളുടെ വിവരങ്ങൾ കൃത്യമായി വ്യക്തമാകുന്ന ഫോട്ടോയോ വിഡിയോ ദൃശ്യമോ ആണ് അയയ്ക്കേണ്ടത്. കുറ്റക്കാരനിൽനിന്നു പിഴ ചുമത്തും. പിഴയടച്ചു കഴിഞ്ഞാൽ വിവരം തരുന്നയാൾക്ക് പാരിതോഷികം നൽകും. പാരിതോഷികം ലഭിക്കുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കഴിഞ്ഞ ദിവസം പള്ളപ്രം പാലത്തിനു സമീപം കോഴിമാലിന്യം തള്ളാനെത്തിയയാളുടെ ദൃശ്യങ്ങളെടുത്ത് നഗരസഭയെ അറിയിച്ച വ്യക്തിക്ക് പാരിതോഷികം നൽകാൻ തീരുമാനിച്ചു. നഗരസഭാ സെക്രട്ടറി എസ്.സജിറൂൺ, ക്ലീൻ സിറ്റി മാനേജർ കെ.ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ രംഗത്തെ പുത്തൻ പദ്ധതികൾ ഏകോപിപ്പിക്കുന്നത്.”മാലിന്യ സംസ്കരണ രംഗത്ത് പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ പൊന്നാനി നഗരസഭയോടൊപ്പം നിന്ന ജനങ്ങളാണ് പദ്ധതിയെ വിജയകരമാക്കിയത്. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഹരിത കർമസേനയ്ക്കും വലിയ പിന്തുണ ജനങ്ങളിൽനിന്നു ലഭിച്ചു. നടപ്പാക്കാനിരിക്കുന്ന സ്വപ്ന പദ്ധതികൾക്കൊപ്പവും പൂർണ പിന്തുണയുമായി പൊന്നാനിയിലെ ജനതയുണ്ടാകുമെന്ന് ഉറപ്പുണ്ട്.”