എടപ്പാൾ : വട്ടംകുളം മൂതൂരിൽ തിരുമാണിയൂർ യൂണിയൻ ഓഫിസിന് സമീപം ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം. ചേകനൂരിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശി ഡോ. കാജൽ ഹഖിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് അഗ്നിക്കിരയായത്. ഡോക്ടറും ഒപ്പം ജോലി ചെയ്യുന്ന മൂന്നു പേരും കാറിൽ ഉണ്ടായിരുന്നു. എടപ്പാളിലേക്ക് പോവുകയായിരുന്ന ഇവർ മൂതൂർ യൂണിയൻ ഓഫിസിന് മുന്നിൽ എത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്നു പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി. ഉടൻ തീപിടിക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാർ പൂർണമായി കത്തിനശിച്ചു.