തിരൂർ : റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസ്റ്ററിങ് നാളെ അവസാനിക്കാനിരിക്കെ ജില്ലയിൽ 82.14 ശതമാനം പേർ പ്രക്രിയ പൂർത്തിയാക്കി. ശേഷിക്കുന്നവർക്കായി താലൂക്ക് സപ്ലൈ ഓഫിസുകളുടെ നേതൃത്വത്തിൽ ഇന്നും ക്യാംപുകൾ നടക്കും. മുൻഗണനാ വിഭാഗങ്ങളായ പിഎച്ച്എച്ച് (പിങ്ക് കാർഡ്), എഎവൈ (മഞ്ഞ കാർഡ്) അംഗങ്ങൾക്കാണു മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് ക്യാംപുകളിൽ അവസാന ദിനമായതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റേഷൻ കട ഉടമകളുടെ സഹകരണത്തോടെയാണു സപ്ലൈ ഓഫിസുകൾ ക്യാംപുകൾ നടത്തുന്നത്. ഇ പോസ് മെഷീനുകൾക്കു പുറമേ ഐറിസ് സ്കാനറുകളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ജില്ലയിൽ ഏറ്റവുമധികം കാർഡ് അംഗങ്ങളുള്ളതു തിരൂർ താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലാണ്. ഇവിടെ പിങ്ക് വിഭാഗത്തിൽ 4,44,114 അംഗങ്ങളും മഞ്ഞ വിഭാഗത്തിൽ 44,274 അംഗങ്ങളും അടക്കം 4,88,388 പേരാണു മസ്റ്ററിങ് ചെയ്യേണ്ടത്. ഇതിൽ 81 ശതമാനം പേർ ഇന്നലെ വരെ ഈ പ്രക്രിയ ചെയ്തു കഴിഞ്ഞു. ഇവിടെ 76 ശതമാനം പേരുടെ മസ്റ്ററിങ് പൂർത്തിയായ ശേഷം പിന്നീട് അംഗങ്ങൾ വരാതിരുന്ന സ്ഥിതിയുണ്ടായിരുന്നു.
തുടർന്ന് സപ്ലൈ ഓഫിസും റേഷൻ കട ഉടമകളും ചേർന്നു പ്രത്യേക ക്യാംപുകൾ വച്ചതോടെയാണ് കൂടുതൽ പേർ എത്തിയത്. നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലാണ് പിന്നീട് ഏറ്റവുമധികം അംഗങ്ങളുള്ളത്. ഇവിടെ മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി 3,21,310 പേരുണ്ട്. ഇവിടെ ഇന്നലെ വരെ 84 ശതമാനം പേർ പ്രക്രിയ പൂർത്തിയാക്കി. ഏറനാട് താലൂക്കിൽ 84.5 ശതമാനം പേരും കൊണ്ടോട്ടിയിൽ 83.3 ശതമാനവും പെരിന്തൽമണ്ണയിൽ 82.8 ശതമാനവും പൊന്നാനിയിൽ 79.3 ശതമാനവും തിരൂരങ്ങാടിയിൽ 81.4 ശതമാനവും അംഗങ്ങൾ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുകളാണിത്. ഇന്നും സപ്ലൈ ഓഫിസിൽ തുടരുന്ന ക്യാംപിൽ ബാക്കിയുള്ളവരുമെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ഥലത്തില്ലാത്തവരും മറ്റു പ്രയാസങ്ങളാൽ മസ്റ്ററിങ്ങിന് എത്താൻ കഴിയാത്തവരും ഇതിനുള്ള അവസരം നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ്.