തിരൂർ : റോഡിൽ കുഴികൾ നിറഞ്ഞതു കാരണം നടന്നുപോകാൻ വയ്യ, ഇതേ കാരണംകൊണ്ട് ഓട്ടോറിക്ഷ വിളിച്ചാലും വരില്ല. ഗത്യന്തരമില്ലാതെയാണ് തലക്കാട് പഞ്ചായത്തിലെ 12-ാം വാർഡ് നിവാസികൾ പ്രതിഷേധവുമായി പഞ്ചായത്തോഫീസിലെത്തിയത്.പഞ്ചായത്ത് പ്രസിഡന്റിനെക്കണ്ട് അവർ സങ്കടമുണർത്തി. എല്ലാം ചെയ്യണമെന്നുണ്ട്, വേണ്ടത്ര ഫണ്ടില്ല എന്നായിരുന്നു മറുപടി. ഒടുവിൽ പ്രതിഷേധക്കാർ മടങ്ങി.തലക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനയിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ അസ്മാബിയും ജനകീയ കൂട്ടായ്മയുടെ പ്രവർത്തകരും ചേർന്നാണ്‌ തലക്കാട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ കുത്തിയിരിപ്പു സമരം നടത്തിയത്. ആയുർവേദ ഡിസ്പെൻസറി മുതൽ ഹെൽത്ത് സെന്റർ വരെയുള്ള റോഡും ട്രാൻസ്‍ഫോർമർ മുതൽ മുട്ടിക്കൽ വരെയുള്ള റോഡും ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയായി. തെരുവുവിളക്കുകളും പ്രവർത്തിക്കുന്നില്ല.

475-ഓളം വീട്ടുകാർ ഈ വാർഡിലുണ്ട്. പഞ്ചായത്ത് ഓഫീസും കൃഷിഭവനും ആയുർവേദ ഡിസ്‍പെൻസറിയും ഹെൽത്ത് സെന്ററും കോട്ടത്തറ ജി.എം.യു.പി. സ്കൂളും ഈ വാർഡിലാണ്. ഇതിലേക്കെല്ലാം കുഴി നിറഞ്ഞ ഈ റോഡിലൂടെ വേണം സഞ്ചരിക്കാൻ. റോഡ് ഉയർത്താത്തതിനാൽ മഴപെയ്താൽ കുഴിയിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്യും. പലതവണ പഞ്ചായത്തിൽ പരാതി പറഞ്ഞിട്ടും ഗ്രാമസഭയിൽ വിഷയമുന്നയിച്ചിട്ടും യാതൊരു നടപടിയുമുണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലെത്തിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പ്രതിഷേധസമരത്തിന് വാർഡംഗം അസ്മാബിയോടൊപ്പം ബഷീർ മേച്ചേരി,അബ്ദുറഹീം കടവത്ത്, ആർ.ടി.ഐ. മജീദ്, ആസിഫ് തോണ്ടാലിൽ, റസാഖ്, ഉസ്മാൻ ഉപ്പൂട്ടുങ്ങൽ, കദീജ, മമ്മിക്കുട്ടി തുടങ്ങിയവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *