വെളിയങ്കോട് : കനോലി കനാലിൽ ലോക്ക് നിർമിക്കുന്നതിന്റെ ഭാഗമായി കനാൽ അടച്ചതോടെ സമീപത്തെ ഉൾത്തോടുകളിലൂടെ വെള്ളം ഒഴുക്കിവിടാൻ തുടങ്ങി. 4 പഞ്ചായത്തുകളിലെ കര പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് വേണ്ടിയാണ് വെളിയങ്കോട് ചീർപ്പ് പാലത്തിന് അടുത്തുള്ള കനാലിൽ ഇറിഗേഷൻ വകുപ്പ് ലോക്കുകൾ നിർമിക്കുന്നത്. കനാലിന് നടുവിൽ ലോക്ക് നിർമിക്കുന്നതിനാൽ കനാലിന്റെ ഇരു ഭാഗത്തുമുള്ള വെള്ളം തടഞ്ഞാണ് നിർമിക്കുക. ഇതിനായി 2 വശത്തും മണ്ണും തടിയും ഉപയോഗിച്ചുള്ള താൽക്കാലിക തടയണയുടെ നിർമാണം അവസാനഘട്ടത്തിലാണ്. വെളിയങ്കോട്ടെ കനോലി കനാൽ അടച്ചതിനെ തുടർന്ന് വെള്ളം ഒഴുക്കിവിടാൻകനാൽ അടച്ചതിനാൽ ശക്തമായ മഴയിൽ കനാലിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നത് കണക്കിലെടുത്ത് കനാലിന്റെ കിഴക്കു ഭാഗത്തുള്ള ഉൾത്തോടുകൾ വഴിയാണ് കാഞ്ഞിരമുക്ക് പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുക. കനാലിന് ചേർന്നുള്ള മാറഞ്ചേരി പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ തോട് നവീകരിക്കുന്നത്. മണ്ണുമാന്തി ഉപയോഗിച്ച് ഇന്നലെ മുതൽ തോട് ആഴവും വീതിയും കൂട്ടുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്. പുഴയിലെ വേലിയേറ്റ സമയത്ത് വെള്ളവും ഇതുവഴിയാകും ഒഴുക്കി വിടുക.
ചെറിയ തോണികൾ മാത്രമാകും ഇതു വഴി പോകാൻ കഴിയുക. മഴ ശക്തി കുറയുന്ന സമയത്ത് ലോക്കിന്റെ നിർമാണം ആരംഭിക്കും. 70 മീറ്റർ നീളത്തിലുള്ള 2 ലോക്കുകളാകും നിർമിക്കുക. പാലം, ലോക്ക്, ബൈപാസ് കനാൽ, അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണത്തിനായി 64 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ലോക്ക്, ബൈപാസ് കനാൽ, അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണമാണ് ഇനി ബാക്കിയുള്ളത്.