പൊന്നാനി : നിളയോരപാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുമുന്നോടിയായുള്ള സർവേ തുടങ്ങി. തഹസിൽദാർ കെ.ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്.

ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോരപാതയിൽ വ്യാപക കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുള്ളത്.

പി. നന്ദകമാർ എം.എൽ.എ.യുടെ പ്രത്യേക ആവശ്യപ്രകാരം കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, പെട്ടിക്കടകൾ തുടങ്ങി വൻതോതിലുള്ള കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു.

നിളയോരപാത തുടങ്ങുന്ന ചമ്രവട്ടം കടവിൽനിന്നാണ് ബുധനാഴ്ച സർവേ ആരംഭിച്ചത്. കൈയേറ്റഭൂമിയുടെ വിവരശേഖരണമാണ് ആദ്യം നടത്തുന്നത്.

കൈയേറ്റക്കാരുടെ വിവരങ്ങൾ, കൈയേറ്റഭൂമി, അതിർത്തി ഭാഗങ്ങൾ എന്നിവ പരിശോധിച്ച് തിട്ടപ്പെടുത്തും. ഓരോ വ്യക്തിയും കൈയേറിയിട്ടുള്ള ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചശേഷമായിരിക്കും രണ്ടാംഘട്ട നടപടികളിലേക്ക് കടക്കുക.

ഡെപ്യൂട്ടി തഹസിൽദാർമാരായ എ.കെ. പ്രവീൺ, പി.കെ സുരേഷ്, വി.വി. ശിവദാസൻ, ടി. സുജിത്, താലൂക്ക് സർവേയർ നാരായണൻകുട്ടി, വില്ലേജ് ഓഫീസർമാരായ എൻ. പ്രദീപ് കുമാർ, ദീപുരാജ്, വില്ലേജ് ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 14 അംഗ സംഘമാണ് പുഴയോരത്ത് പരിശോധന നടത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *